മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍; ശപമോക്ഷം തേടി എംഎല്‍എ നിയമസഭയില്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിലെ ശുചിമുറിക്ക് സമീപം നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്ന് ഡോ. മാത്യു കുഴല്‍നാടന്‍ എംഎല്‍എ. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് വര്‍ഷങ്ങളായി ഇവിടെ ശുചിമുറി പ്രവര്‍ത്തന രഹിതമാണെന്നകാര്യം എംഎല്‍എ ചൂണ്ടിക്കാട്ടിയത്. മൂവാറ്റുപുഴ ബസ് സ്റ്റേഷനില്‍ ശുചിമുറി സൗകര്യം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി പൊതു ജനങ്ങള്‍ക്ക് ഇത് ഉപയോഗപ്രദമല്ല. നഗരത്തിലെ സാമൂഹ്യ വിരുദ്ധരുടെ ശല്യം മൂലം ശുചിമുറിയിലെ സാനിറ്ററി വസ്തുക്കള്‍ നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ശുചിമുറി അടച്ചിട്ടിരിക്കുകയാണ്. ശുചിമുറിക്ക് പുറത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചാല്‍ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമാകുവെന്ന് എംഎല്‍എ പറഞ്ഞു. കഴിഞ്ഞ ദിവസം എംഎല്‍എ നേരിട്ട് ഇടപെട്ട് ശുചിമുറി നവീകരിക്കുന്നതിനായി സാനിട്ടറി വസ്തുക്കള്‍ വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ ഗതാഗത വകുപ്പ് ക്യാമറ സ്ഥാപിച്ചില്ലെങ്കില്‍ ശുചിമുറി വീണ്ടും പഴയ അവസ്ഥയിലേക്ക് പോകുമെന്നാണ് പൊതു ജനങ്ങള്‍ പറയുന്നത്.

ശുചിമുറി ഉടന്‍ തുറന്ന് നല്‍കുമെന്നും ഇത് പരിപാലിക്കുന്നതിന് സുലഭ് എന്ന ഏജന്‍സിയെ ഏല്‍പ്പിക്കുമെന്നും ചോദ്യത്തിന് മറുപടിയായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എക്ക് മറുപടി നല്‍കി. കേരളത്തിലെ മോശമായ എല്ലാ ശുചിമുറികളും ഇത്തരത്തില്‍ നവീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ബസ് സ്റ്റേഷന്‍ നവീകരണത്തിന് 4.5 കോടി രൂപ തന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ടെന്ന കാര്യം എംഎല്‍എ മന്ത്രിയെ ഓര്‍മ്മപ്പെടുത്തി. ഇതിന്റെ പ്രവര്‍ത്തനങ്ങളും വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് വകുപ്പിന്റെ സഹായം എംഎല്‍എ അഭ്യര്‍ത്ഥിച്ചു.കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകള്‍ക്ക് എംഎല്‍എ ഫണ്ട് അനുവദിച്ച മറ്റു മണ്ഡലങ്ങളിലെ ജനപ്രതിനിധികളുടെ ദുരവസ്ഥ മാത്യു കുഴല്‍നാടന്‍ മന്ത്രിയെ ധരിപ്പിച്ചു. എംഎല്‍എമാര്‍ തങ്ങള്‍ക്ക് അനുവദിച്ച ഫണ്ടുകള്‍ കെഎസ്ആര്‍ടിസിക്ക് നല്‍കുന്നത് വേഗത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും വര്‍ഷങ്ങള്‍ എടുത്താണ് കെഎസ്ആര്‍ടിസി സ്റ്റാന്റുകളിലെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നത്. മൂവാറ്റുപുഴ ബസ് സ്റ്റേഷന്റെ കാര്യത്തില്‍ ഇതിനൊരു മാറ്റം ഉണ്ടാകണമെന്നും എംഎല്‍എ അഭ്യര്‍ത്ഥിച്ചു.

 

Back to top button
error: Content is protected !!