ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കായി സന്ധ്യാക്ലാസ്സ് സംഘടിപ്പിച്ച് മൂവാറ്റുപുഴ ജനമൈത്രി പോലീസ്

മൂവാറ്റുപുഴ:  ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കായി സന്ധ്യാക്ലാസ്സ് സംഘടിപ്പിച്ചു. മൂവാറ്റുപുഴയില്‍ ഏറ്റവും കൂടുതല്‍ ഓട്ടോറിക്ഷ തൊഴിലാളികളുള്ള കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് മുന്നിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കാണ് പോലീസിന്റെ ആഭിമുഖ്യത്തില്‍ മണ്‍സൂണ്‍ സുരക്ഷയുടെ ഭാഗമായി ക്ലാസ്സ് നല്‍കിയത്. മൂവാറ്റുപുഴ ഡിവൈഎസ്പി എ.ജെ തോമസ്, ഇന്‍സ്‌പെക്ടര്‍ ബി.കെ അരുണ്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം മൂവാറ്റുപുഴ പോലീസ് അസ്സിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറും, പിആര്‍ഒയുമായ സിബി അച്യുതനാണ് സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യവും ശല്യവും ശ്രദ്ധയില്‍പ്പെട്ടാല്‍ ചൂണ്ടിക്കാണിക്കണമെന്ന നിര്‍ദ്ദേശവുമായി ക്ലാസ്സ് നടത്തിയത്. രാത്രികാലങ്ങളില്‍ അപരിചിതരായും മോഷ്ടാക്കള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ വന്നിറങ്ങാന്‍ സാധ്യതയുള്ള മൂവാറ്റുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡും, പരിസരവും സാമൂഹ്യവിരുദ്ധരുടെ താവളമാകാതിരിക്കുന്നതിന്, നിരന്തരം നിരത്തില്‍ ജോലി ചെയ്തുവരുന്നവര്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ പോലീസുമായി കൈമാറേണ്ട വിധം സിബി അച്യുതന്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് പകര്‍ന്നുനല്‍കി. പോലീസ് പൊതുജന സൗഹൃദം മെച്ചപ്പെടുത്തി മൂവാറ്റുപുഴയില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായാണ് പരിശ്രമിക്കുന്നതെന്ന് സിബി അച്യുതന്‍ പറഞ്ഞു.

രാപകലില്ലാതെ ജോലിചെയ്യുന്ന ഓട്ടോറിക്ഷ തൊഴിലാളി വിഭാഗത്തിന് സാമൂഹ്യ പ്രതിബദ്ധതയോടെ പോലീസിനെ സമീപിക്കാമെന്നും, ഓട്ടോറിക്ഷകളുടെ പേപ്പറുകളെല്ലാം കൃത്യമായിരിക്കണമെന്നും അല്ലാതെ വന്നാലുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ചും ബോധവത്കരണം നല്‍കി. ഹാപ്പി മണ്‍സൂണ്‍ ആകാനും അപകടരഹിതമാകാനും വിവിധ സ്ഥലങ്ങളില്‍ റെസിഡന്‍സ് അസോസിയേഷനുകള്‍ക്കടക്കം ക്ലാസുകള്‍ നടത്തിവരികയാണ് മൂവാറ്റുപുഴ പോലീസ്.

 

Back to top button
error: Content is protected !!