നെല്ലിക്കുഴിയില്‍ കമ്മ്യൂണിറ്റി കിച്ചന്‍റെ പേരില്‍ രസീത് പോലും നല്‍കാതെ പണപ്പിരിവ് ..

കോതമംഗലം:നെല്ലിക്കുഴിയില്‍ കമ്മ്യൂണിറ്റി കിച്ചന്‍റെ പേരില്‍ രസീത് പോലും നല്‍കാതെ പണപ്പിരിവ് നടത്തുന്നതായും പഞ്ചായത്തംഗംങ്ങളെ ഉള്‍പ്പെടുത്താതെ ഗുണഭോക്താക്കളെ നിശ്ചയിച്ചതായും ആരോപണം. ലോക് ഡൗണിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള കമ്മ്യൂണിറ്റി കിച്ചന്‍ നടപ്പാക്കുന്നതിന് എല്‍ഡിഎഫ് ഭരിക്കുന്ന നെല്ലിക്കുഴി പഞ്ചായത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ മറികടന്ന് രസീത് പോലും നല്‍കാതെ പണപ്പിരിവ് നടത്തുന്നതായി യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസമായി പഞ്ചായത്ത് സെക്രട്ടറിയും, കുടുംബശ്രീയുടെ ചുമതലയുള്ള പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറിയും, ഭരണ സമിതിയംഗംങ്ങളും. സിപിഎം പ്രാദേശിക നേതാക്കളും ചേര്‍ന്ന് പ്ലൈവുഡ്, കമ്പനികള്‍, ഫര്‍ണിച്ചര്‍ വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയ സ്വകാര്യ സ്ഥാപന ഉടമകളില്‍ നിന്നും മറ്റു വ്യക്തികളില്‍ നിന്നും പണപ്പിരിവ് നടത്തുകയാണെന്ന് ഇവര്‍ പറഞ്ഞു. ലഭിക്കുന്ന പണത്തിന് രസീത് നല്‍കുന്നതുമില്ല. കമ്മ്യൂണിറ്റി കിച്ചന്‍ നടപ്പാക്കാനാവശ്യമുള്ള തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുള്ളതാണ്. കുടുംബശ്രിയുടെ ചുമതലയുള്ള അസിസ്റ്റന്‍റ് സെക്രട്ടറിക്കാണ് കമ്മ്യൂണിറ്റി കിച്ചന്‍ നടത്തുന്നതിന്‍റെ ചുമതല. ആള്‍ക്കൂട്ടം നിരോധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നെല്ലിക്കുഴി പഞ്ചായത്ത് ഓഫിസിന് സമീപമുള്ള ആഡിറ്റോറിയത്തില്‍ നുറ്റി അന്‍പതിലെറെപേരെ പങ്കെടുപ്പിച്ചാണ് പ്രസിഡന്‍റും ഉദ്യോഗസ്ഥരും വിതരണച്ചടങ്ങ് നടത്തിയതെന്നും കമ്മ്യൂണിറ്റി കിച്ചനില്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗമോ, കുടുംബശ്രി അംഗങ്ങളോ ഉണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്. പഞ്ചായത്തംഗം പോലും അറിയാതെയാണ് പല വാര്‍ഡിലും ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കി ഭക്ഷണ പൊതികള്‍ വിതരണം ചെയ്തത്. മഹാമാരിയില്‍ ജനങ്ങള്‍ കഷ്ടപെടുന്ന സാഹചര്യത്തിലും പഞ്ചായത്ത് അധികൃതരുടെ ഏകപക്ഷീയമായ നിലപാടില്‍ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ പി.എം. ബഷീര്‍, കെ.എം. കുഞ്ഞു ബാവ, കെ.എം. മുഹമ്മദ്, കെ.എം. ആസാദ്, എം.എം. പ്രവീണ്‍ എന്നിവര്‍ പ്രതിഷേധിച്ചു. ജില്ലാ കളക്ടര്‍ക്കും, മുഖ്യമന്ത്രിക്കും ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്നും യുഡിഎഫ് പഞ്ചായത്ത് കമ്മറ്റി അറിയിച്ചു.

Back to top button
error: Content is protected !!