അതിഥി  തൊഴിലാളികള്‍ കൂട്ടത്തോടെ തമിഴ്നാട്ടിലേക്ക് പോകാന്‍ നടത്തിയ  ശ്രമം നേര്യമംഗലം പാലത്തില്‍ പോലീസ് തടഞ്ഞു.

കോതമംഗലം : പാലമറ്റത്തിന് സമീപം പോത്തുപാറയില്‍ നിന്ന് അതിഥി  തൊഴിലാളികള്‍ കൂട്ടത്തോടെ തമിഴ്നാട്ടിലേക്ക് പോകാന്‍ നടത്തിയ  ശ്രമം നേര്യമംഗലം പാലത്തില്‍ പോലീസ് തടഞ്ഞു. പൈനാപ്പിള്‍ തോട്ടത്തില്‍ പണിയെടുത്തിരുന്ന തമിഴ്നാട് സ്വദേശികളാണ് നാട്ടില്‍ പോകാന്‍ നീക്കം നടത്തിയത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് തോട്ടത്തില്‍ പണി നിര്‍ത്തിവച്ചതോടെ ക്യാമ്പുകളില്‍ കഴിയുകയായിരുന്നു ഇവര്‍. തൊഴിലുടമ ഭക്ഷണം നല്‍കാത്തതു കൊണ്ടാണ് നാട്ടിലേക്ക് പോകാന്‍ തയ്യാറായതെന്നാണ് ഇവര്‍ നാട്ടുകാരോട് പറഞ്ഞത്. ഇന്നലെ രാവിലെ കൂടി ഭക്ഷണം നല്‍കിയതാണെന്ന് തൊഴിലുടമ പോലീസിനോട് പറഞ്ഞു. പണിയില്ലാത്തത് കൊണ്ട് വീട്ടുകാരോടൊത്ത് കഴിയാനായി തിരിച്ചതാണെന്നാണ് തൊഴിലാളികളില്‍ ചിലര്‍ പോലീസിനോട് പറഞ്ഞത്. 60-65 വയസ് പ്രായമുള്ള തമിഴ്നാട് മധുര സ്വദേശികളാണിവരില്‍ ഏറെയും. ആവോലിച്ചാല്‍ റോഡിലൂടെ കാല്‍നടയായി എട്ട് പേര്‍ വീതമുള്ള മൂന്ന് സംഘങ്ങളായി പോയ ഇവരെ ജില്ലാ അതിര്‍ത്തിയായ നേര്യമംഗലം പാലത്തിന് സമീപം  ഹൈവേ പോലീസ് തടയുകയായിരുന്നു. നേര്യമംഗലം-ഇടുക്കി റോഡ് വഴി മധുരയ്ക്ക് പോകാനായിട്ടാണ് ഇവരെത്തിയത്. പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ ഇടുക്കി പൂപ്പാറക്ക് പോകാനെന്നായിരുന്നു പറഞ്ഞത്. പോലീസിനെ വെട്ടിച്ച് കടക്കാനുള്ള  ശ്രമം വിഫലമായി. നേര്യമംഗലം പാലത്തിന് സമീപം ഏറെ നേരം ഇവര്‍ കുത്തിയിരുന്നു. ഇവരെ പിന്നീട് ഊന്നുകല്‍ പോലീസ് എത്തി കോതമംഗലം പോലീസിന്‍റെ സഹായത്തോടെ തൊഴിലുടമയെ വിളിച്ചുവരുത്തി വാഹനത്തില്‍ പറഞ്ഞയക്കുകയായിരുന്നു. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും സംരക്ഷണവും നല്‍കണമെന്ന് പോലീസ് തൊഴിലുടമയ്ക്ക് നിര്‍ദ്ദേശം നല്‍കി. ക്യാമ്പിന് പുറത്തിറങ്ങരുതെന്നും രോഗവ്യാപനത്തിന്‍റെ ബോധവത്ക്കരണവും പോലീസ് തൊഴിലാളികള്‍ക്ക് നല്‍കി.

Back to top button
error: Content is protected !!