മൂവാറ്റുപുഴ താലൂക്കില്‍ സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചു.

മൂവാറ്റുപുഴ:  കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം മൂവാറ്റുപുഴ താലൂക്കില്‍ ആരംഭിച്ചു. താലൂക്കിലെ 159 റേഷന്‍ കടകളിലും രാവിലെ 9 മണി മുതല്‍ തന്നെ വിതരണം ആരംഭിച്ചിരുന്നു. 85000 ത്തോളം റേഷന്‍ കാര്‍ഡുടമകളാണ് താലൂക്കിലുള്ളത്. ഇതില്‍ 12000-ത്തോളം പേര്‍ ഇന്നലെ റേഷന്‍ വാങ്ങി. ദിവസവും ഉച്ചവരെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ഉച്ചയ്ക്കു ശേഷം മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുമാണ് സൗജന്യ റേഷന്‍ വിതരണം ചെയ്യുന്നത്. അന്ത്യോദയ വിഭാഗങ്ങള്‍ക്കു നിലവില്‍ ലഭിക്കുന്ന 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും. പ്രയോരിറ്റി ഹൗസ് ഹോള്‍ഡ്സ്(പി.എച്ച്.എച്ച്) വിഭാഗത്തില്‍പ്പെട്ട പിങ്ക് കാര്‍ഡ് ഉള്ളവര്‍ക്കു കാര്‍ഡിലുള്ള ഒരു അംഗത്തിന് അഞ്ചു കിലോ വീതം സൗജന്യ ധാന്യം നല്‍കും. വെള്ള, നീല കാര്‍ഡുകളുള്ള മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കു കുറഞ്ഞത് 15 കിലോഗ്രാം ഭക്ഷ്യധാന്യവും ലഭിക്കും. 15 കിലോയില്‍ കൂടുതല്‍ ധാന്യം നിലവില്‍ ലഭിക്കുന്ന നീല കാര്‍ഡ് ഉടമകള്‍ക്ക് അതു തുടര്‍ന്നും ലഭിക്കും. ഏപ്രില്‍ 20നു മുന്‍പു സൗജന്യ റേഷന്‍ വിതരണം പൂര്‍ത്തിയാക്കും. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ണമായി പാലിച്ചാകും റേഷന്‍ വിതരണം. റേഷന്‍ കടകളില്‍ ആളുകള്‍ തിക്കിത്തിരക്കി പ്രശ്നങ്ങളുണ്ടാക്കരുത്.ഒരേ സമയം അഞ്ചു പേരില്‍ കൂടുതല്‍ റേഷന്‍ കടയ്ക്കു മുന്നില്‍ നില്‍ക്കാന്‍ പാടില്ല. ഇക്കാര്യം ഉറപ്പാക്കാന്‍ കടയുടമയ്ക്കു ടോക്കണ്‍ വ്യവസ്ഥ നിശ്ചയിക്കാവുന്നതാണ്. ജനപ്രതിനിധികളുടേയും പഞ്ചായത്ത്, മുനിസിപ്പല്‍ പ്രദേശത്തു രജിസ്റ്റര്‍ ചെയ്തിട്ടുള്ള സന്നദ്ധ പ്രവര്‍ത്തകരുടേയും സഹായവും ഉപയോഗപ്പെടുത്തും. റേഷന്‍ കടയില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്കു വീട്ടിലെത്തിച്ചു കൊടുക്കാനും കടയുടമ ക്രമീകരണമുണ്ടാക്കണം. ഇതിനും സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഉപയോഗപ്പെടുത്തും. റേഷന്‍ കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങള്‍ക്കും സൗജന്യമായി ഭക്ഷ്യ ധാന്യം നല്‍കും. ഇതിനായി ആധാര്‍ കാര്‍ഡും ഫോണ്‍ നമ്പറും ചേര്‍ത്തുള്ള സത്യവാങ്മൂലം റേഷന്‍ വ്യാപാരിക്കു നല്‍കണം. കളവായി സത്യവാങ്മൂലം നല്‍കി റേഷന്‍ കൈപ്പറ്റുന്നവരില്‍നിന്നു ധാന്യത്തിന്റെ മാര്‍ക്കറ്റ് വിലയുടെ ഒന്നര ഇരട്ടി തുക പിഴയായി ഈടാക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം വ്യക്തിശുചിത്വം പാലിക്കുന്നതിനു വേണ്ട ക്രമീകരണം മുഴുവന്‍ റേഷന്‍ കടകളിലും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ ആളുകള്‍ കൂട്ടമായി എത്തിയത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും കൃത്യമായ ശാരീരിക അകലവും വ്യക്തി ശുചിത്വം പാലിച്ചുമാണ് ആളുകള്‍ റേഷന്‍ വാങ്ങിയത്. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി എല്‍ദോ എബ്രഹാം എം.എല്‍.എ വിവിധ റേഷന്‍ കടകള്‍ സന്ദര്‍ശിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് വ്യക്തി ശുചിത്വവും, ശാരീരിക അകലം പാലിക്കുന്നതുമുള്‍പ്പെടെ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും എം.എല്‍.എ അഭ്യര്‍ത്ഥിച്ചു.
ചിത്രം-ഈസ്റ്റ് പായിപ്ര 269-ാം നമ്പര്‍ റേഷന്‍ കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍
Back to top button
error: Content is protected !!