ബാർബർ ബ്യൂട്ടീഷ്യൻസ് തൊഴിലാളികൾക്ക് അടിയന്തിര ധന സഹായം അനുവദിക്കണം – ഡീൻ കുര്യാക്കോസ് എം. പി.

 

തൊടുപുഴ: ബാർബർ ബ്യൂട്ടീഷ്യൻസ് തൊഴിലാളികൾക്ക് അടിയന്തിര ധന സഹായം അനുവദിക്കണം എന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. മുഖ്യമന്ത്രിക്ക് കത്ത് നൽകി. ലോക്ക് ഡൗൺ മൂലം കേരളത്തിലെ ദൈനംദിന വരുമാനക്കാരായ സാധാരണ ബാർബർ ബ്യൂട്ടീഷ്യൻസ് തൊഴിലാളികൾ പ്രതിസന്ധിയിലാണ്. ഇവരുടെ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 38 ദിവസം പിന്നിടുമ്പോഴും സാമൂഹ്യ പ്രതിബദ്ധത മുൻനിർത്തി സർക്കാർ നിർദേശങ്ങൾ പാലിച്ചുകൊണ്ട് അവർ വീട്ടിൽ തന്നെ തുടരുകയാണ്. ക്ഷേമനിധി ബോർഡിൽ നിന്നും കിട്ടുമെന്ന് പറഞ്ഞിരിക്കുന്ന സഹായം 1000 രൂപ ഇതുവരെ ലഭിച്ചു തുടങ്ങിയിട്ടില്ല. ക്ഷേമനിധിയിൽ അംഗത്വമില്ലാത്തവർക്ക് 1000 രൂപ ലഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും എവിടെ അപേക്ഷിക്കണം എന്ന കാര്യത്തിലും അവ്യക്തത നിലനിൽക്കുന്നു. അതേസമയം ഒരു സംഘടനയിലും അംഗമല്ലാത്ത ഒരുവിഭാഗം അതിഥി തൊഴിലാളികൾ വീട് വീടാന്തരം കയറി ഇറങ്ങി യാതൊരു മാനദണ്ഡവും പാലിക്കാതെ ബാർബർ തൊഴിൽ ചെയ്യുന്നതായി ശ്രദ്ധയിൽവന്നിട്ടുണ്ട്. ഇത് രോഗവ്യാപന തോത് വർധിപ്പിക്കുമെന്നതിൽ സംശയമില്ല. ആയതിനാൽ നിലവിലെ സാഹചര്യത്തിൽ ഒരു കാരണവശാലും തൊഴിലാളികളെ വീട്ടിൽ പോയി ജോലി ചെയ്യാൻ അനുവദിക്കരുതെന്നും, വൈകാതെ ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന എല്ലാ മാനദന്ധങ്ങളും പാലിച്ചുകൊണ്ട്‌ ബാർബർ ഷോപ്പുകൾ സമയ ബന്ധിതമായി തുറക്കാൻ അനുവദിക്കേണമെന്നും, ബാർബർ-ബ്യൂട്ടീഷ്യൻ തൊഴിലാളികൾ നിത്യവൃത്തിക്കു ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തിൽ അടിയന്തിരമായി 20,000 രൂപയെങ്കിലും പലിശ രഹിത വായ്പ അനുവദിക്കേണമെന്നും, ക്ഷേമനിധിയിൽ അംഗത്വമില്ലാത്തവർ ഉൾപ്പെടെ എല്ലാ തൊഴിലാളികൾക്കും അടിയന്തിര ധനസഹായം ലഭ്യമാക്കണമെന്നും ഡീൻ കുര്യാക്കോസ് എം. പി. മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Back to top button
error: Content is protected !!