മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ എത്തുന്ന എല്ലാ ട്രക്കുകളിലും പരിശോധന കശനമാക്കും.

എറണാകുളം: മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ എത്തുന്ന എല്ലാ ട്രക്കുകളിലും പരിശോധന കശനമാക്കാന്‍ ജില്ല ഭരണകൂടം തീരുമാനിച്ചു, മന്ത്രി വി.എസ് സുനില്‍കുമാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ട്രക്കുകളുടെ നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. ജില്ലയില്‍ ട്രക്കുകള്‍ കൂടുതലായി എത്തുന്ന വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടൈനര്‍ ടെര്‍മിനല്‍, ഐ.ഒ.സി.എല്‍.എച്ച്.പി.സി.എല്‍, ബി.പി.സി.എല്‍, മരട്, ആലുവ, എറണാകുളം, മൂവാറ്റുപുഴ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ട്രക്ക് ഡ്രൈവര്‍മാരുടെ താമസം, മറ്റ് അവശ്യ സൗകര്യങ്ങളുടെ ക്രമീകരണം, താമസം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാന്‍ റീജീയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. വിവരങ്ങള്‍ ശേഖരിച്ച ശേഷം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഈ സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തും. ഇവരുടെ വിവരങ്ങള്‍ ജില്ല അതിര്‍ത്തികളില്‍ ശേഖരിക്കാനാവശ്യമായ നടപടി പോലീസ് സ്വീകരിച്ചു വരികയാണ്. താമസ സ്ഥലങ്ങളിലും മറ്റും പ്രദേശവാസികളുമായോ ഈ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ആളുകളുമായോ ഇടപെടാതിരിക്കാനുളള നടപടികള്‍ സ്വീകരിക്കും.
എല്ലാ ട്രക്ക് ഡ്രൈവര്‍മാരും മാസ്ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. തിങ്കളാഴ്ചയോടു കൂടി ക്രമീകരണങ്ങള്‍ നടപ്പാക്കാനാണ് തീരുമാനം.
ജില്ല കളക്ടര്‍ എസ്. സുഹാസ് സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്,അസി.കളക്ടര്‍എം.എസ് മാധവിക്കുട്ടി, എസ്. പി കെ. കാര്‍ത്തിക്ക്, ഡി.സി.പി ജി പൂങ്കുഴലി, ജില്ല മെഡിക്കല്‍ ഓഫീസര്‍ എൻ.കെ കുട്ടപ്പൻ തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!