മരിച്ചുവീഴുന്ന ഇറ്റാലിയൻ തലമുറ–ബേർഗമോ യൂണിവേഴ്സിറ്റിയിലെ മുവാറ്റുപുഴ സ്വദേശിയായ വിദ്യാർത്ഥി ആൽബി ജോയ് എഴുതുന്നു….


സന്തോഷത്തിന്റെ നഗരമായിരുന്നു ബേർഗമോ. നോർത്തേൺ ഇറ്റലിയിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്ന്. ഇറ്റലിയുടെ സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്തുന്ന ലൊംബാർഡി റീജിയണിന്റെ പ്രധാന നഗരങ്ങളിൽ ഒന്ന്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പ്രശ്നങ്ങളൊന്നും തന്നെ നേരിട്ടിട്ടില്ലാത്ത നഗരം. ഇറ്റലിയിലും പ്രത്യേകമായി ബേർഗമോയിലും എപ്പോഴും ആകർഷിച്ചിരുന്ന ഒരു കാര്യം അവിടുത്തെ വൃദ്ധസമൂഹത്തിന്റെ ജീവിത നിലവാരം ആണ്. യൂറോപ്പിൽ ഏറ്റവും കൂടുതൽ വൃദ്ധർ ഉള്ളത് ഇറ്റലിയിലാണ്. അവരുടെ ക്വാളിറ്റി ഓഫ് ലൈഫ് എന്നത് നമ്മുടെ നാടിന് സ്വപ്നം കാണാവുന്നതിലപ്പുറമാണ്. ആരോഗ്യവാന്മാരും സന്തുഷ്ടരും സ്വതന്ത്രരുമായ വൃദ്ധസമൂഹം. നഗരത്തിൽ സ്വൈരവിഹാരം നടത്തി ജീവിതം ആസ്വദിക്കുന്നവർ. അവരിൽ ഭൂരിപക്ഷവും ഇന്ന് മരണപ്പെട്ടു കഴിഞ്ഞു. അതും ഒറ്റക്കുള്ള മരണം. ഉറ്റവർക്ക് ഒന്ന് കാണാൻ പോലുമാകാതെ ഓർമയിലേക്കു മറയുന്നവർ. പത്രത്തിൽ 10 പേജുകളിൽ നിറഞ്ഞു നിൽക്കുന്ന ചരമവാർത്തകൾ. 2000 ഓളം മരണം ബേർഗമോ പ്രൊവിൻസിൽ മാത്രം നടന്ന് കഴിഞ്ഞു. ഇറ്റലിയിലെ മൊത്തം മരണങ്ങളിൽ ബഹുഭൂരിപക്ഷം. ദിവസവും 200 ഓളം മരണങ്ങൾ നടക്കുന്നു. ആശുപത്രികളിലും വീടുകളിലും കുമിഞ്ഞുകൂടുന്ന മൃതദേഹങ്ങൾ. ചിലപ്പോൾ ദിവസങ്ങളോളം സംസ്കാരം കാത്തു കിടക്കേണ്ടി വരുന്നവ. 24 മണിക്കൂറും എരിയുന്ന ക്രെമറ്റോറിയങ്ങൾ. സെമിത്തേരികൾ നിറഞ്ഞതിനാൽ മറ്റു നഗരങ്ങളിലേക്ക് മൃതദേഹങ്ങൾ സംസ്കരിക്കാനായി കൊണ്ടുപോകുന്ന മിലിറ്ററി ട്രക്കുകൾ. ആംബുലൻസുകളും ഫ്യൂണറൽ സർവിസ് വാഹനങ്ങളും മാത്രം ഓടുന്ന നിരത്തുകൾ. പള്ളികളും ജിമ്മുകളും ഒക്കെ താൽകാലിക മോർച്ചറികൾ ആയി മാറ്റിയിരിക്കുന്നു.

മരണത്തിന്റെ മണമാണ് നഗരം മുഴുവൻ. ഇറ്റലിയിലെ മറ്റു പ്രദേശങ്ങളിൽ ആളുകൾ ബാൽകണികളിൽ പാട്ടും നൃത്തവുമായി അതിജീവനസന്ദേശം നൽകിയപ്പോഴും നിശ്ശബ്ദമായിരുന്നു ബേർഗമോ.

ആഴ്ചകൾ കൊണ്ട് ഒരു തലമുറയാണ് അവിടെ മാഞ്ഞു പോയത്. രണ്ടാം വീടാണ് ബേർഗമോ. തിരിച്ചുപോകാൻ കാത്തിരിക്കുന്ന നഗരം. അതിജീവിക്കും. ഉറപ്പായും.

സമൂഹവ്യാപനത്തിന്റെ ആദ്യഘട്ടങ്ങളിൽ സൂക്ഷിച്ചില്ല എന്ന ഒരൊറ്റ തെറ്റു മാത്രമാണ്‌ ഇറ്റലിയെ ഈ നിലയിൽ എത്തിച്ചത്. രോഗത്തിന്റെ റിസ്കിലും നഗരത്തിലെ മാളുകളും പബ്ബുകളും മറ്റ് പൊതുസ്ഥലങ്ങളും രാത്രിയും പകലും നിറഞ്ഞിരുന്നിരുന്നു. പ്രതിരോധപ്രവർത്തനങ്ങൾ ഒന്നും കാര്യമായി എടുത്തിരുന്നില്ല. നമ്മുടെ നാട്ടിലും, സമൂഹവ്യാപനത്തിന്റെ ആദ്യഘട്ടത്തിലേക്കാണ് നാം കടക്കാൻ പോകുന്നത്. വൃദ്ധസമൂഹം ചുറ്റിലും ഉണ്ട്‌. വീട്ടിലിരിക്കുക എന്ന ഫസ്റ്റ് വേൾഡ് സൊലൂഷൻ സാധ്യമല്ലാത്ത വലിയ ഒരു സമൂഹം ഉണ്ട്. ദിവസവും ജോലി ഇല്ലെങ്കിൽ പട്ടിണി ആകുന്ന കുടുംബങ്ങൾ ഉണ്ട്. സമൂഹവ്യാപനം നടന്നാൽ അതിനെ മറികടക്കുക എന്നത് നമ്മെ സംബന്ധിച്ച്‌ എളുപ്പമാകില്ല. ചൈനയുടെയും ഇറ്റലിയുടെയും സാമ്പത്തികശക്തിയും ഇൻഫ്രാസ്ട്രക്ചറിന്റെ ആർഭാടവും ഇല്ല. എങ്കിലും നമുക്ക് പഠിക്കാൻ മോഡലുകൾ ഉണ്ട്. പ്രതിരോധപ്രവർത്തനങ്ങൾക്കായി ഉറക്കമിളച്ചു ജോലിയെടുക്കുന്ന ഒരു സിസ്റ്റം ഉണ്ട്. കേരളത്തിലെങ്കിലും വികസിതരാജ്യങ്ങളേക്കാൾ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന ആരോഗ്യസംവിധാനം ഉണ്ട്. അതിജീവിക്കാൻ സാധിക്കട്ടെ. എല്ലാവർക്കും.

ആൽബി ജോയ്

Back to top button
error: Content is protected !!