നെല്ലിക്കുഴിയിൽ അതിഥിതൊഴിലാളികളെ സംഘംചേര്‍ത്ത് പായിപ്പാട് മോഡല്‍ സൃഷ്ടിക്കാനുള്ള നീക്കം ഒഴിവാക്കി …..

കോതമംഗലം : നെല്ലിക്കുഴിയിലും അതിഥിതൊഴിലാളികളെ സംഘംചേര്‍ത്ത് പായിപ്പാട് മോഡല്‍ സൃഷ്ടിക്കാനുള്ള നീക്കം അധികൃതരുടെ അവസരോചിതമായ ഇടപെടല്‍കൊണ്ട് ഒഴിവായി. തൊഴിലാളികളെ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കിയയാളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അയ്യായിരത്തിലേറെ അതിഥി തൊഴിലാളികളാണ് നെല്ലിക്കുഴിയിലുള്ളത്. നിരവധി താമസ കേന്ദ്രങ്ങളിലായാണ് ഇവര്‍ കഴിയുന്നത്. ഇവരെ സംഘംചേര്‍ത്ത് പായിപ്പാട് മോഡല്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തിയത്. തൊഴിലാളി ക്യാമ്പുകള്‍ കയറിയിറങ്ങിയും ഫോണ്‍ സന്ദേശങ്ങളിലൂടെയും തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു നീക്കം. നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികളെ രംഗത്തിറക്കുകയായിരുന്നു ലക്ഷ്യം. രഹസ്യവിവരത്തേതുടര്‍ന്ന് പോലിസ് ഇടപെട്ട് നീക്കം പൊളിക്കുകയായിരുന്നുവെന്ന് തഹസില്‍ദാര്‍ റെയ്ച്ചല്‍ കെ. വര്‍ഗീസ് പറഞ്ഞു. പായിപ്പാട് സംഭവത്തിന് പിന്നാലെതന്നെ നെല്ലിക്കുഴിയിലും പോലിസ് നിരീഷണം ശക്തമാക്കിയതുമൂലമാണ് അനിഷ്ടസംഭവം ഒഴിവായത്. ഇന്നലെ രാവിലെ തന്നെ തഹസീല്‍ദാര്‍ റെയ്ച്ചല്‍ കെ. വര്‍ഗീസ് പഞ്ചായത്തംഗങ്ങളേയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരേയും വിളിച്ച് ചേര്‍ത്ത് സ്ഥതിഗതികള്‍ വിലയിരുത്തി. ആര്‍ഡിഒയുടേയും നേതൃത്വത്തിലും യോഗം ചേര്‍ന്നിരുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പാക്കുന്നതില്‍ വീഴ്ചയുണ്ടാകരുതെന്നാണ് പൊതുവായ തീരുമാനം. അവരുടെ പരമ്പരാഗത രീതിക്കനുസരിച്ചുള്ള ഭക്ഷണം ലഭ്യമാക്കും. ക്യാമ്പുകളില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചുനല്‍കുന്നകാര്യം നേരത്തെതന്നെ പരിഗണനയിലുണ്ടായിരുന്നു. കമ്മ്യൂണിറ്റി കിച്ചനില്‍നിന്ന് ഭക്ഷണം എത്തിച്ചു നല്‍കുന്നതിനും സംവിധാനം ഒരുക്കിയിരുന്നു. തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കും. മൈക്ക് അനൗണ്‍സ്മെന്‍റ് ഉള്‍പ്പടെയുള്ള ബോധവത്ക്കരണ പരിപാടികളും തുടര്‍ച്ചയായി നടത്തും. താമസകേന്ദ്രങ്ങളില്‍നിന്നും ഇറക്കിവിടില്ലെന്നതുള്‍പ്പടെയുള്ള സര്‍ക്കാരിന്‍റെ തീരുമാനങ്ങള്‍ തൊഴിലാളികളെ ബോധ്യപ്പെടുത്തും. മൂന്നുനേരം ഭക്ഷണം ലഭിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യങ്ങളിലൊന്ന്. പുതിയ സാഹചര്യത്തില്‍ നെല്ലിക്കുഴിയില്‍ പോലീസ് നിരീഷണം ശക്തമായി തുടരാനാണ് തീരുമാനം.

Back to top button
error: Content is protected !!