കാലവർഷം ആരംഭിച്ചു: ജാഗ്രത പുലർത്തി ജില്ലാ ഭരണകൂടം കളക്ടറേറ്റിൽ കൺട്രോൾ റൂം സജീവമായി

 

എറണാകുളം: ജില്ലയിൽ കാലവർഷം ആരംഭിച്ചതോടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ജാഗ്രത പുലർത്തി ജില്ലാ ഭരണകൂടം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കളക്ടറേറ്റിൽ കൺട്രോൾ റൂം സജീവമായി. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലാ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത് . ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ എസ്.സുഹാസിൻ്റെ മേൽ നോട്ടത്തിൽ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനനിരതമാണ്.

കൺട്രോൾ റൂമിലെ ടോൾ ഫ്രീ നമ്പറായ 1077 ൽ പൊതുജനങ്ങൾക്ക് 24 മണിക്കൂറും ബന്ധപ്പെടാവുന്ന സജ്ജീകരണം ഒരുക്കി കഴിഞ്ഞു. അടിയന്തര വിവരങ്ങൾ പോലീസിന് കൈമാറാനും പോലീസിൽ നിന്നുള്ള വിവരങ്ങൾ ജില്ലാ തലത്തിൽ ലഭിക്കാനും വയർലസ് സെറ്റിൻ്റെ സേവനം പ്രയോജനപ്പെടുത്തും. ആശയ വിനിമയത്തിനായി ഹോട്ട് ലൈൻ നമ്പറുകളും സജ്ജീകരിച്ചു. സങ്കീർണ്ണമായ പ്രശ്നങ്ങൾ ഉണ്ടായാൽ നേരിടാൻ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും കൺട്രോൾ റൂമിൽ തയാറാക്കി.

പോലീസ്, ഫയർഫോഴ്സ്, ജലസേചനം, റവന്യൂ, ആരോഗ്യം, പബ്ലിക്ക് റിലേഷന്‍സ് തുടങ്ങിയ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനമാണ് കൺട്രോൾ റൂമിലുളളത്. ഡാമുകളിലെ സ്ഥിതിഗതികൾ വിലയിരുത്തി ജില്ലാ ഭരണകൂടത്തിനും ദുരന്ത നിവാരണ അതോറിറ്റിക്കും കൈമാറുന്നതിനായി ഇറിഗേഷൻ വകുപ്പ് അസിസ്റ്റൻറ്  എഞ്ചിനീയർ കൺട്രോൾ റൂമിൽ ചുമതലയേറ്റു. ഡാമുകളിലെ ജലനിരപ്പു സംബന്ധിച്ച വിവരങ്ങളും ഷട്ടറുകൾ തുറക്കുക വഴി പുഴകളിൽ ഉണ്ടാകുന്ന ജലനിരപ്പിൻ്റെ വ്യത്യാസങ്ങൾ തുടങ്ങിയ വിവരങ്ങളും അപ്പപ്പോൾ ജനങ്ങളെ അറിയിക്കാനും ഇതുവഴി സാധിക്കും. വെള്ളപ്പൊക്കം ബാധിക്കുന്ന പഞ്ചായത്തുകൾക്ക് മുന്നറിയിപ്പു നൽകാനും കഴിയും.

ജില്ലാ കളക്ടറുടെ facebook.com/dcekm, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ facebook.com/dioekm എന്നീ ഫേസ് ബുക്ക് പേജുകളില്‍ ജില്ലയെ സംബന്ധിച്ച കാലാവസ്ഥാ വിവരങ്ങള്‍, അണക്കെട്ടുകളിലെ ജലനിരപ്പ്, മുന്നറിയിപ്പുകള്‍ എന്നിവ യഥാസമയം നല്‍കിവരുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന അറിയിപ്പുകളും ഈ പേജുകളില്‍ ലഭിക്കും. മൂവാറ്റുപുഴയാര്‍, പെരിയാര്‍ എന്നീ നദികളിലെയും കൈവഴികളിലും നിശ്ചിത കേന്ദ്രങ്ങളിലെ ജലനിരപ്പും മണിക്കൂര്‍ തോറും നിരീക്ഷിച്ച് രേഖപ്പെടുത്തുന്നുണ്ട്. രണ്ട് നദികളിലും ജലനിരപ്പ് ഇപ്പോള്‍ സാധാരണ നിലയിലാണ്. മൂവാറ്റുപുഴയാറിലേക്ക് ജലമെത്തുന്ന മലങ്കര അണക്കെട്ടിലെയും പെരിയാറിലെ ഭൂതത്താന്‍കെട്ട് ബാരേജിലെയും ഷട്ടറുകള്‍ ആവശ്യാനുസരണം തുറന്ന്  ഈ നദികളിലെ ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ട്.

ഇടമലയാര്‍ അണക്കെട്ടില്‍ സംഭരണശേഷിയുടെ കാല്‍ഭാഗത്തോളം മാത്രമാണ് നിലവില്‍ വെള്ളമുള്ളത്. ഇടമലയാറിലെ ജലനിരപ്പില്‍ കാര്യമായ വ്യതിയാനം വരാത്തിടത്തോളം പെരിയാറിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. മൂലമറ്റം വൈദ്യുതനിലയത്തില്‍ ഉല്‍പാദനത്തിന് ശേഷം പുറന്തള്ളുന്ന ജലമെത്തുന്ന മലങ്കര അണക്കെട്ടിലെ സ്ഥിതിയും നിരീക്ഷണത്തിലാണ്. ഇടുക്കി ജില്ലാ ഭരണകൂടം, വൈദ്യുതി ബോര്‍ഡ്, മൂവാറ്റുപുഴ നദിതട ജലസേചന പദ്ധതി എന്നിവരുമായി മൂവാറ്റുപുഴയാറിലെ തല്‍സ്ഥിതി സംബന്ധിച്ച് നിരന്തര സമ്പര്‍ക്കത്തിലാണ് എറണാകുളം ജില്ലാ ഭരണകൂടം. തൊടുപുഴ, കാളിയാര്‍, കോതമംഗലം എന്നീ നദികളിലെ ഗേജിംഗ് സ്റ്റേഷനുകള്‍ മുഖേനയാണ് മൂവാറ്റുപുഴയാറിലെ മൊത്തത്തിലുള്ള സ്ഥിതി വിലയിരുത്തുന്നത്. പെരിയാറില്‍ കാലടി, മാര്‍ത്താണ്ഡവര്‍മ്മ പാലം, മംഗലപ്പുഴ പാലം എന്നിവിടങ്ങളിലാണ്  ജലനിരപ്പ് വിലയിരുത്തുന്നതിനുള്ള ഗേജിംഗ് സ്റ്റേഷനുകള്‍. പുറപ്പിള്ളിക്കാവിലും മഞ്ഞുമ്മലിലും റഗുലേറ്റര്‍ കം ബ്രി‍ഡ്ജിന്‍റെ ഷട്ടറുകള്‍ തുറന്ന് വെള്ളമൊഴുക്കുന്നുണ്ട്.

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ദുരന്ത നിവാരണ പദ്ധതി ആസൂത്രണ രേഖ കൺട്രോൾ റൂമിൽ സൂക്ഷിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പർ സഹിതമാണ് ആസൂത്രണ രേഖ തയാറാക്കിയിരിക്കുന്നത്. സേവനം ആവശ്യപ്പെട്ട് കൺട്രോൾ റൂമിലെത്തുന്ന സന്ദേശം പ്രദേശത്തെ ക്യാമ്പ് ചാർജ് ഓഫീസർക്കും, വില്ലേജ് ഓഫീസർക്കും, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ കൺട്രോൾ റൂമിലേക്കുമാണ് കൈമാറുന്നത്. ഇതോടൊപ്പം പോലീസ് , ഫയർഫോഴ്സ് വകുപ്പുകളെയും അറിയിക്കും. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ജില്ലാതലത്തിൽ കൂടാതെ താലൂക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്.

Back to top button
error: Content is protected !!