മൂവാറ്റുപുഴയില്‍  കമ്മ്യൂണിറ്റി കിച്ചനുമായി എ.ഐ.വൈ.എഫ്.

മൂവാറ്റുപുഴ: അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണമൊരുക്കുന്ന സര്‍ക്കാരിന് കൈതാങ്ങായി എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയ്ക്ക് കീഴില്‍ മൂവാറ്റുപുഴയില്‍ രണ്ട് കമ്മ്യൂണിറ്റി കിച്ചനുകള്‍ ആരംഭിച്ചു. പായിപ്ര സൈന്‍ ഓഡിറ്റോറിയത്തിലും കുര്യന്‍ മലയില്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടിലുമാണ് കമ്മ്യൂണിറ്റി കിച്ചനുകള്‍ ആരംഭിച്ചിരിക്കുന്നത്.മേഖല കമ്മിറ്റികളുടെയും യൂണിറ്റ് കമ്മിറ്റികളുടെയും സഹകരണത്തോടെ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചനുകളില്‍ ഉല്‍പന്നങ്ങള്‍ പാകം ചെയ്ത് അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിനാണ് പദ്ധതി തയ്യാറാക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി മൂവാറ്റുപുഴയില്‍ വീടുകളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും ഭക്ഷണപൊതികള്‍ വാങ്ങി നഗരത്തിലും സമീപപ്രദേശങ്ങളിലെയും അതിഥി തൊഴിലാളികള്‍ക്ക് വിതരണം ചെയ്ത് വരികയായിരുന്നു. ഭക്ഷണ വിതരണം കൂടുതല്‍ സുരക്ഷിതമാക്കുന്നതിനാണ് കമ്മ്യൂണിറ്റി കിച്ചനുകള്‍ ആരംഭിച്ചിരിക്കുന്നത്. ഹോട്ടലുകളും കടകളും അടച്ചിട്ടതോടെ വിഷപ്പ് അകറ്റുവാന്‍ ഭക്ഷണം കിട്ടാതെ വിഷമിക്കുന്ന നിരവധിപേര്‍ക്ക് ഇതൊരു ആശ്വാസമായി മാറിയിട്ടുണ്ട്. പൊതിച്ചോര്‍ വിതരണം കൂടുതല്‍ കേന്ദ്രങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുവാനാണ് സംഘടന ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ബ്രേക്ക് ദ ചെയിന്‍ പദ്ധതിയുടെ ഭാഗമായി നിരവധി സ്ഥലങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസറും ഹാന്‍ഡ് വാഷും സൗജന്യമായി വിതരണം ചെയ്തു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 5000 മാസ്‌കുകളാണ് തയ്യാറാക്കി പോലീസ് സ്റ്റേഷന്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുജനങ്ങള്‍ക്കും വിതരണം ചെയ്ത് വരുന്നു. മൂവാറ്റുപുഴ ടൗണില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവര്‍ക്കായി ടൗണ്‍ യു.പി.സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേയ്ക്ക് പായും ആവശ്യവസ്തുക്കളും എ.ഐ.വൈ.എഫിന്റെ നേതൃത്വത്തില്‍ വാങ്ങി നല്‍കി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഒരു വിളിപ്പാടകലെ സഹായത്തിനായി എഐവൈഎഫ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. എന്താവശ്യത്തിന് വിളിച്ചാലും തങ്ങളെ ബന്ധപ്പെടാന്‍ കഴിയും വിധം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബന്ധപ്പെടേണ്ടവരുടെ ഫോണ്‍ നമ്പര്‍ അടക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എന്‍.അരുണ്‍ മണ്ഡലം സെക്രട്ടറി കെ.ബി.നിസാര്‍, പ്രസിഡന്റ് ജോര്‍ജ് വെട്ടികുഴി, വൈസ് പ്രസിഡന്റ് സി.എന്‍.ഷാനവാസ്, മേഖല ഭാരവാഹികള്‍ യൂണിറ്റ് ഭാരവാഹികള്‍ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ച് മുന്നോട്ട് പോകുന്നത്.

ചിത്രം-1) കുര്യന്‍മലയില്‍ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചനില്‍ പ്രവര്‍ത്തകര്‍ ഭക്ഷണം തയ്യാറാക്കുന്നു……..

Back to top button
error: Content is protected !!