വേങ്ങൂർ കുടിവെള്ള പദ്ധതി : വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ

 

പെരുമ്പാവൂർ : വേങ്ങൂർ കുടിവെള്ള പദ്ധതിയുടെ പൂർണ്ണ തോതിലുള്ള വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.
82 കോടി രൂപയാണ് പദ്ധതിക്കായി ഇപ്പോൾ കണക്കാക്കിയിരിക്കുന്നത്. ചെലവ് ഇനിയും കൂടാം എന്നാണ് വിലയിരുത്തുന്നത്. വേങ്ങൂർ, അശമന്നൂർ, മുടക്കുഴ എന്നി പഞ്ചായത്തുകൾക്ക് വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

പെരിയാറിൽ പാണംകുഴിയിൽ നിലവിലുള്ള പമ്പ് ഹൗസിന് സമീപം പുതിയ കിണറും മറ്റൊരു പമ്പ് ഹൗസും സ്ഥാപിച്ച ശേഷം അവിടെ നിന്ന് 450 എം. എം വ്യാസമുള്ള പൈപ്പിലൂടെ മുടക്കുഴ പഞ്ചായത്തിലെ ചൂരമുടിയിൽ സ്ഥാപിക്കുന്ന 10 എം.എൽ.ഡി ജലശുദ്ധികരണ ശാലയിൽ എത്തിക്കുന്നു. അവിടെ ജലം ശുദ്ധികരിച്ച ശേഷം 3 പഞ്ചായത്തുകളിലേക്കും കുടിവെള്ള വിതരണം നടത്തുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

വക്കുവള്ളി, മുനിപ്പാറ, ചൂരമുടി എന്നിവിടങ്ങളിൽ ഉന്നത ജലസംഭരണികൾ സ്ഥാപിക്കും. അവിടെ നിന്ന് വേങ്ങൂർ പഞ്ചായത്തിന്റെ മുഴുവൻ ഭാഗങ്ങളിലേക്കും ശുദ്ധജലം ലഭ്യമാക്കും. പെട്ടമലയിലും ചൂരമുടിയിലും സ്ഥാപിക്കുന്ന ജലസംഭരണികളിൽ നിന്നാണ് മുടക്കുഴ പഞ്ചായത്തിൽ ശുദ്ധജലം എത്തുന്നത്.

ഓടക്കാലിയിൽ ബൂസ്റ്റിങ് സ്റ്റേഷൻ സ്ഥാപിച്ചു പൂമാല, കല്ലിൽ, ഓടക്കാലി എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന ജലസംഭരണികളിൽ നിന്ന് അശമന്നൂർ പഞ്ചായത്തിലേക്കുള്ള കുടിവെള്ളം പദ്ധതി വഴി ലഭ്യമാക്കും.

പദ്ധതിക്കായി പ്ലാന്റ് സ്ഥാപിക്കുന്നതിന് ചൂരമുടിയിൽ സ്ഥലം ഏറ്റെടുക്കേണ്ടി വരും. കൂടാതെ ജലസംഭരണികൾക്കായി മുനിപ്പാറ 15 സെന്റ്, ചൂരമുടി, വക്കുവള്ളി എന്നിവിടങ്ങളിൽ 20 സെന്റ് വീതവും ഏറ്റെടുക്കണം.

മുടക്കുഴ പഞ്ചായത്തിൽ പെട്ടമലയിലും അശമന്നൂർ, ഓടക്കാലി, കല്ലിൽ എന്നി ഭാഗങ്ങളിൽ 20 സെന്റ് സ്ഥലവും പൂമലയിൽ 15 സെന്റ് സ്ഥലവും ജലസംഭരണിക്കായി ഏറ്റെടുക്കേണ്ടി വരുമെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.

കേരള ജല അതോറിറ്റി പദ്ധതി വിഭാഗമാണ് വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത്.

Back to top button
error: Content is protected !!