ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് സ്കോളര്‍ഷിപ്പ് ലഭിച്ച തുക; സഹോദരിമാര്‍ക്ക് അഭിനന്ദനപ്രവാഹം.

 

പോത്താനിക്കാട് : സ്കോളര്‍ഷിപ്പ് ലഭിച്ച മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സഹോദരിമാർക്ക് അഭിനന്ദനപ്രവാഹം. പൈങ്ങോട്ടൂര്‍ സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ കരുണ ജോബിയും, അനിയത്തിയും ഇതേ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ കെസിയ ജോബിയുമാണ് ഇരുവര്‍ക്കും ലഭിച്ച പ്രീമെട്രിക് സ്കോളര്‍ഷിപ്പ് തുക സംഭാവന ചെയ്‍തത്. 1000 രൂപ വീതം കഴിഞ്ഞ 3 വര്‍ഷങ്ങളിലായി ലഭിച്ചിരുന്നു. രണ്ടു പേർക്കും കൂടി ആകെ ലഭിച്ച ആറായിരം രൂപയാണ് ഇന്നലെ സംഭാവന ചെയ്തത്.പുളിന്താനം മഞ്ഞളാംപാറ കോളനിയില്‍ 3 സെന്‍റ് സ്ഥലത്തെ ചെറിയ വീട്ടില്‍ താമസിക്കുന്ന തുണ്ടത്തില്‍ ജോബി-ജെമിലി ദമ്പതികളുടെ മക്കളായ ഇരുവരുടേയും കൈവശം വേറെ പണമോ ബാങ്ക് നിക്ഷേപങ്ങളോ ഇല്ല. കഴിഞ്ഞ രണ്ട് പ്രളയകാലത്തും ഈ കുരുന്നുകള്‍ ദുരിതാശ്വാസനിധിയിലേക്ക് ചെറിയ തുക സംഭാവന ചെയ്തിരുന്നു.
പൈനാപ്പിള്‍ കൃഷി ചെയ്ത് ഉപജീവനം നടത്തുന്ന ജോബിയും ഭാര്യയും മക്കളും പോത്താനിക്കാട് സെന്‍റ് സേവ്യേഴ്സ് പള്ളിയിലെ ഗായകസംഘത്തിലും സജീവമാണ്.”സാലറി ചലഞ്ചില്‍ വിമുഖത കാണിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ കണ്ണുതുറക്കുവാന്‍ ഉള്ളുതുറന്നു ഉള്ളതുമുഴുവന്‍ ദാനം ചെയ്ത ഞങ്ങള്‍ ഒരു നിമിത്തമായെങ്കില്‍” എന്നും ഈ കുരുന്നു സഹോദരമാര്‍ പ്രത്യാശിച്ചു.
“വിധവയുടെ ചില്ലിക്കാശ്” പോലെ ഇല്ലായ്മയില്‍നിന്നും തങ്ങളുടെ മുഴുവന്‍ സമ്പാദ്യവും ദാനം ചെയ്ത കുരുന്നുകളെ നിരവധി രാഷ്ട്രീയ സാമുഹീക സാമുദായിക നേതാക്കളും ജനപ്രതിനിധികളും വീട്ടിലെത്തിയും ഫോണിലൂടേയും അഭിനന്ദിച്ചു.

ഫോട്ടോ – സ്കോളര്‍ഷിപ്പ് ലഭിച്ച മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത സഹോദരിമരായ കരുണ ജോബിയും, കെസിയ ജോബിയും മാതാപിതാക്കളോടൊപ്പം.

Back to top button
error: Content is protected !!