പായിപ്ര പഞ്ചായത്തില്‍ ഡെങ്കിപ്പനിയും മഞ്ഞപിത്തവും പടരുന്നു.

മൂവാറ്റുപുഴ : പായിപ്ര പഞ്ചായത്തില്‍ ഡെങ്കിപ്പനിയും മഞ്ഞപിത്തവും പടരുന്നു. പഞ്ചായത്തിലെ ഈസ്റ്റ് വാഴപ്പിള്ളി, നിരപ്പ്, വെസ്റ്റ് മുളവൂര്‍, വാരിക്കാട്ട് ജംഗ്ഷന്‍ മുളവൂര്‍ എന്നീ പ്രദേശങ്ങളിലാണ് രോഗം പടര്‍ന്ന് പിടിക്കുന്നത്. ഇതിനോടകം തന്നെ ഡെങ്കിപ്പനി ബാധിച്ച് നിരവധിയാളുകള്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടിയിട്ടുണ്ട്. കൂടാതെ മഞ്ഞപിത്തവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കി. ഡെങ്കിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിലെ മാലിന്യം നീക്കം ചെയ്യാനും നിക്ഷേപിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും അധികാരികള്‍ തയ്യാറാകാത്തതോടെ അറവ് മാലിന്യങ്ങളടക്കം തെരുവില്‍ നിക്ഷേപിക്കുന്നത് വ്യാപകമായിരിക്കുകയാണ്. പുതുപ്പാടി-ഇരുമലപ്പടി റോഡിലെ കാവുംപടിയില്‍ ദേവസ്വം ബോര്‍ഡിന്‍റെ സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് പ്രദേശവാസികള്‍ക്ക് ദുരിതമായിരിക്കുകയാണ്. കീച്ചേരിപ്പടി – ഇരമല്ലൂര്‍ റോഡില്‍ നിരപ്പ് എഫ്സി കോണ്‍വെന്‍റ് ജംഗ്ഷന്‍ മുതല്‍ പൂത്താംകുന്മ്പടിവരെ റോഡിലെ ഇരുവശങ്ങളിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും പതിവായി. പ്രദേശത്ത് രാത്രികാലങ്ങളില്‍ ദൂരെ ദിക്കുകളില്‍ നിന്ന് പോലും അറവ് മാലിന്യങ്ങളും, മത്സ്യമാര്‍ക്കറ്റിലെ മാലിന്യങ്ങളും നിക്ഷേപിക്കുന്നുണ്ട്. മാലിന്യങ്ങള്‍ അഴുകിയതോടെയും കൊതുകും ഈച്ചയും പെരുകിയതോടെയും ഡെങ്കിപ്പനിയടക്കം പടര്‍ന്ന് പിടിക്കുമെന്ന ആശങ്കയിലാണ് ഇവിടുത്തെ ജനങ്ങള്‍. മാത്രവുമല്ല മാലിന്യങ്ങള്‍ കാക്കകള്‍ അടയ്ക്കം കൊത്തിവലിച്ച് സമീപപ്രദേശങ്ങളിലെ കിണറുകളിലും മറ്റും നിക്ഷേപിക്കുന്നതും പതിവായിരിക്കുകയാണ്. നിരപ്പ് ഭാഗത്ത് മാലിന്യം നിക്ഷേപത്തിന് സമീപത്തുള്ള വീടുകളില്‍ ഡെങ്കിപ്പനി സ്ഥിതീകരിക്കുകയും ചെയ്തിരുന്നു. പഞ്ചായത്തില്‍ ഡെങ്കിപ്പനി സ്ഥിതീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയെന്ന് അധികൃതര്‍ പറയുമ്പോഴും പഞ്ചായത്തിലെ തെരുവോരങ്ങളിലും മറ്റും അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകുന്നില്ല.

Back to top button
error: Content is protected !!