ദൈവത്തിന്റെ മാലാഖമാർക്കായി ‌ സംഗീത സംവിധായകൻ ഡേവിഡ് ഷോണും സുഹൃത്തുക്കളും ചേർന്നൊരുക്കിയ ട്രിബ്യുട്ട്..

ജീവിതത്തില്‍ നേഴ്‌സുമാരുടെ സേവനം ലഭിക്കാത്തതായി ആരാണുള്ളത്? ഭൂമിയില്‍ പിറന്നു വീഴുന്നത് അവരുടെ കൈകളിലേക്കാണ്. ഒടുവില്‍ ജീവിതത്തിന്റെ അന്ത്യ നിമിഷങ്ങളില്‍ കണ്ണുകള്‍ ചേര്‍ത്തടക്കുന്നതും ദൈവിക സ്പര്‍ശമുള്ള അവരുടെ വിരലുകളാണ്. മഹാവ്യാധിയുടെ ഈ കാലഘട്ടത്തില്‍ ജീവിന്‍ പണയപ്പെടുത്തി സഹജീവികള്‍ക്കായി സേവനകര്‍മത്തിലാണ് നമ്മുടെ നേഴ്‌സുമാരും ആരോഗ്യ പ്രവര്‍ത്തകരും. നിങ്ങള്‍ വീടുകളില്‍ സുരക്ഷിതരായിരിക്കൂ, നിങ്ങളുടെ ഉറ്റവര്‍ക്കായി ഞങ്ങള്‍ കാവലുണ്ട് എന്നു പറയുന്ന ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍ക്കു വേണ്ടി ഒരു ട്രിബ്യൂട്ട് ഒരുക്കുകയാണ് സംഗീത സംവിധായകന്‍ ഡേവിഡ് ഷോണും സുഹൃത്തുക്കളും.
ദൈവത്തിന്റെ സ്വന്തം മാലാഖമാര്‍ എന്ന പേരില്‍ ഒരു മ്യൂസിക് വീഡിയോ ഒരുക്കിയിരിക്കുകയാണ് ഇവര്‍. ലോക്ഡൗണ്‍ കാലത്ത് വിവിധ സ്ഥലങ്ങളിലായവര്‍ ഓണ്‍ലൈനിലൂടെ ഒത്തുകൂടിയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ഡേവിഡ് ഷോണ്‍, സഞ്ജു ഡി. ഡേവിഡ്, ആന്‍സണ്‍ തോന്നിയാമല, കെസിയ എമി ഐസക്, പ്രെയ്‌സി എലിസബെത്ത്, രാഖി നായര്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും പാടിയത് ഒന്നിച്ചു ചിട്ടപ്പെടുത്തിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ചലച്ചിത്ര ഗാനരചയിതാവ് ലിങ്കു ഏബ്രഹാമാണ് വരികള്‍ രചിച്ചിരിക്കുന്നത്. കോവിഡ് ഭീതിയുടെ കാലത്തും രോഗികളെ പരിചരിക്കുന്ന നമ്മുടെ ആരോഗ്യപ്രവര്‍ത്തകരെക്കുറിച്ച ഒരു ഗാനം ഒരുക്കണമെന്നു ചിന്തിച്ചിരുന്നു. അവിടെ നിന്നും പത്തു ദിവസംകൊണ്ടു സുഹൃത്തുക്കളുടെ സഹകരണത്തോടെ ഗാനം ഒരുക്കി വീഡിയോ റിലീസ് ചെയ്യാന്‍ സാധിച്ചു. നിരത്തിലിറങ്ങി സമയം ചെയ്യേണ്ടി വന്ന നേഴ്‌സുമാരെയാണ് കുറച്ചു നാള്‍ മുമ്പു നമ്മള്‍ കണ്ടത്. അവര്‍ തന്നെയാണ് ഇപ്പോള്‍ സ്വന്തം ജീവനെപോലും പണയപ്പെടുത്തി കോവിഡ് ബാധിച്ച രോഗികളെ പരിചരിക്കുന്നത്. നിപയുടെ കാലത്ത് സിസ്റ്റര്‍ ലിനിയുടെ ത്യാഗ സന്നദ്ധത നമ്മള്‍ കണ്ടിരുന്നു. എങ്കിലും ഇവര്‍ അര്‍ഹിക്കുന്ന അംഗീകരവും പരിഗണനയും പലപ്പോഴും നമ്മുടെ സമൂഹം നല്‍കുന്നില്ല. അതുകൊണ്ടു തന്നെ അവരുടെ സേവന കര്‍മ്മത്തിനു ഒരു ട്രിബ്യൂട്ട് എന്ന നിലയില്‍ ഒരു ഗാനം ഒരുക്കാമെന്ന ചിന്തയിലാണ് ദൈവത്തിന്റെ സ്വന്തം മാലാഖമാര്‍ എന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നു സംഗീതം ഒരുക്കിയ ഡേവിഡ് ഷോണ്‍ പറയുന്നു.

Back to top button
error: Content is protected !!