തൃക്കളത്തൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം നഗരസഭ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു.

മൂവാറ്റുപുഴ: ലോക്ക് ഡൗണ്‍ സമയത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച് തൃക്കളത്തൂര്‍ ശ്രീരാമസ്വാമി ക്ഷേത്ര സേവാസമിതി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്ഷേത്രപ്രവര്‍ത്തനങ്ങളില്‍ ഗവ. തീരുമാനപ്രകാരം കുറവുകള്‍ വരുത്തിയ സമയത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തുകയാണ് സമതി ഭാരവാഹികളും ഭക്തജനങ്ങളും. സേവാസമിതിയുടെ സമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ വഴിയുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട്, സ്വന്തം വീട്ടുമുറ്റത്തും, തൊടിയിലും ഉള്ള കായ്കറികള്‍ പറിച്ചു കഴുകി വൃത്തിയാക്കി ക്ഷേത്രം ഊട്ടുപുരയില്‍ എത്തിച്ച പച്ചക്കറികള്‍ ആവശ്യമുള്ള കമ്യൂണിറ്റി കിച്ചണുകളില്‍ എത്തിക്കുകയാണ് സമിതി ചെയ്യുന്നതെന്ന് സെക്രട്ടറി മനോജ് കുറ്റിക്കാട്ടില്‍ അറിയിച്ചു. ഈ ആഴ്ച ശേഖരിച്ച ഭക്ഷണ സാധനങ്ങള്‍ എല്‍ദോ എബ്രഹാം എം.എല്‍.എ.യുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മൂവാറ്റുപുഴ നഗരസഭയുടെ ഗവ.മോഡല്‍ സ്‌കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്യുണിറ്റി കിച്ചണില്‍ എത്തിച്ചു നല്‍കി. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ മുന്‍ ശബരിമല, മാളികപ്പുറം മേല്‍ശാന്തിയും ക്ഷേത്രം രക്ഷാധികാരിയുമായ ബ്രഹ്മശ്രീ. ആത്രശ്ശേരി ഏ. ആര്‍. രാമന്‍ നമ്പൂതിരി ഭക്ഷ്യവസ്തുക്കള്‍ മൂവാറ്റുപുഴ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷാ ശശിധരന് കൈമാറി. വിവിധ നാടന്‍ പച്ചക്കറികളും അരിയുമാണ് എത്തിച്ചത്. മാതൃകാപരമായ ഈ പ്രവര്‍ത്തനത്തെ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അഭിനന്ദിച്ചു. ചടങ്ങില്‍ നഗരസഭ വൈസ്‌ചെയര്‍മാന്‍ പി.കെ.ബാബുരാജ്, സെക്രട്ടറി മനോജ് കുറ്റിക്കാട്ടില്‍, ക്ഷേത്രം കമ്മറ്റി അംഗം അനിഷ് വാത്യാമഠത്തില്‍, മാനേജര്‍ ബിനോജ് മോന്‍, പി.ഹരിദാസ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ സെലിന്‍ ജോര്‍ജ്, ജിനു ആന്റണി, ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. മുവാറ്റുപുഴ ഗവ. ഹോസ്പിറ്റലിലെ ജീവനക്കാര്‍, കിടപ്പു രോഗികള്‍, അവര്‍ക്ക് കൂട്ടിരിക്കുന്നവര്‍ എന്നിവര്‍ക്കായാണ് നഗരസഭയുടെ മോഡല്‍ സ്‌കൂളിലെ കമ്യൂണിറ്റി കിച്ചണില്‍ ഭക്ഷണമൊരുക്കുന്നത്.

ചിത്രം-മൂവാറ്റുപുഴ നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് തൃക്കളത്തൂര്‍ ശ്രീരാമസ്വാമി ക്ഷേത്ര സേവാസമിതി നല്‍കുന്ന ഭക്ഷ്യധാന്യങ്ങള്‍ ബ്രഹ്മശ്രീ. ആത്രശ്ശേരി ഏ .ആര്‍ .രാമന്‍ നമ്പൂതിരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷാ ശശിധരന് കൈമാറുന്നു……………പി.ഹരിദാസ്, എല്‍ദോ എബ്രഹാം എം.എല്‍.എ, മനോജ് കുറ്റിക്കാട്ടില്‍, പി.കെ.ബാബുരാജ്, സെലിന്‍ ജോര്‍ജ്, ബിനോജ് മോന്‍, ജിനു ആന്റണി എന്നിവര്‍ സമീപം……

Back to top button
error: Content is protected !!