വറുതിയിൽ പൊരിഞ്ഞ നാടിന് ജീവജലം നൽകി മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജക്റ്റ്

മൂവാറ്റുപുഴ: കഴിഞ്ഞ അറുപതു വർഷക്കാലമായി ജലസേചനത്തിനും കുടിവെള്ളത്തിനും മറ്റു പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുമായി ഒരിറ്റ് ജലത്തിന് വേണ്ടി നെട്ടോട്ടമോടിയ കാലം മാറാടി ഗ്രാമപഞ്ചായത്തിലെ 3, 11, 12 വാർഡുകളിലെ ജനങ്ങൾക്ക്‌ ഇനി അന്യമാവുകയാണ്. മൈനർ ഇറിഗേഷന്റെ അധീനതയിൽ ഉൾപ്പെട്ട നാലര കിലോമീറ്റർ ദൈർഘ്യമുള്ള കൈത്തോട് മാലിന്യങ്ങളും മണ്ണും നിറഞ്ഞു പതിറ്റാണ്ടുകളായി ഉപയോഗശൂന്യമായ നിലയിലായിരുന്നു.

വേനൽക്കാലമായാൽ കൃഷിയിടങ്ങൾ വരണ്ടുണങ്ങുകയും കുടിവെള്ള ക്ഷാമം കൊണ്ട് നട്ടംതിരിയുകയും ചെയ്യുന്ന ജനതയ്ക്ക് ആശ്വാസമാവാൻ മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജക്റ്റിന്റെ കായനാട് ഉപകനാലിൽ നിന്നും സ്ലൂയിസ് നിർമ്മിച്ച് വെള്ളം എത്തിക്കുവാൻ തീരുമാനമെടുക്കുകയും എം വി ഐ പി അധികൃതർ അടിയന്തരമായി ഇടപെട്ട് യുദ്ധകാലടിസ്ഥാനത്തിൽ പണിപൂർത്തിയാക്കുകയുമായിരുന്നു. ഇതോടെ ചന്തപാറ, ശൂലം, നാലാം മൈൽ, ഉദയനഗർ, കോട്ടമല എന്നീ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് കൃഷി ആവശ്യങ്ങൾക്കും കുടിവെള്ളത്തിനും
ജലം എത്തിക്കുവാൻ കഴിയും.

എം വി ഐ പി കനാലിൽ നിന്നുള്ള വെള്ളം നാലര കിലോമീറ്റർ ദൈർഘ്യത്തിൽ കൈത്തോട്ടിലൂടെ ഒഴുകി എത്തിയതോടെ ഭൂമിയിലേക്ക് വെള്ളമിറങ്ങി ഈ പ്രദേശങ്ങളിലെല്ലാം കിണറുകളിൽ ജലം ലഭിക്കുവാൻ സഹായകരമായിട്ടുണ്ട്. കിണർ റീചാർജിങ് നടന്നതോടെ മഴക്കാലത്തെപോലെ സമൃദ്ധമായി ജലം ലഭിക്കുന്ന സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്. കൃഷിയിടങ്ങളിൽ ജലസമൃദ്ധിയുടെ നല്ലനാളുകൾ കണികണ്ടുണരാൻ സഹായിച്ചതിൽ എം വി ഐ പി അധികൃതരോട് കർഷകരിൽനിന്നും അഭിനന്ദനപ്രവാഹമാണ്.
എം വി ഐ പി യുടെ സ്വപ്ന പദ്ധതി പൂർത്തിയാക്കി ജലമെത്തിക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഉദ്യോഗസ്ഥരും ഒപ്പം നാട്ടുകാരും.

Back to top button
error: Content is protected !!