മൂവാറ്റുപുഴ മൃഗാശുപത്രിയില്‍ നൂതന ചികിത്സാ സംവിധാനം ഒരുങ്ങുന്നു

മൂവാറ്റുപുഴ: അത്യാധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ച് മൂവാറ്റുപുഴ മൃഗാശുപത്രിയില്‍ നൂതന ചികിത്സാ സംവിധാനം ഒരുങ്ങുന്നു. ഇതിനായി ഇരുപത്തിരണ്ട് ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് അനുവദിച്ചതായി നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ 2022 – 23 പ്ലാന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് മൂവാറ്റുപുഴ വെറ്ററിനറി പോളി ക്ലിനിക്കില്‍ മൃഗ ചികിത്സ രംഗത്ത് നൂതന ചികിത്സ സംവിധാനം ഒരുക്കുന്നത്. മൃഗങ്ങളില്‍ ശാസ്ത്രീയ ആന്തര അവയവപരിശോധനയിലൂടെ രോഗനിര്‍ണ്ണയം നടത്തുന്നതിന് സഹായിക്കുന്ന പോര്‍ട്ടബിള്‍ അള്‍ട്രാ സൗണ്ട് സ്‌കാനര്‍ വാങ്ങുന്നതിന് 6 ലക്ഷം രൂപയും വിശദ രക്ത പരിശോധനകള്‍ക്ക് ഹെമറ്റോളജി അനലൈസര്‍ വാങ്ങുന്നതിന് 8 ലക്ഷം രൂപയും ബയോ കെമിസ്ട്രറി അനലൈസര്‍ വാങ്ങുന്നതിന് 6 ലക്ഷം രൂപയും അനുവദിച്ചു. ഈ ഉപകരണങ്ങള്‍ മെഡിക്കല്‍ സര്‍വീസ് കോപറേഷന്‍ നേരിട്ട് ആശുപത്രിയില്‍ സപ്ലൈ ചെയ്യും. സംസ്ഥാനത്ത് തന്നെ ആദ്യമായി ഐ. എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച വെറ്ററിനറി പോളി ക്ലിനിക്ക്, ജില്ലാ വെറ്ററിനറി കേന്ദ്രത്തിന് പുറമെ ജില്ലയില്‍ 24 മണിക്കൂര്‍ മൃഗ ചികിത്സ സേവനം നല്‍കുന്ന വിളക്കണയാത്ത മൃഗാശുപത്രിഎന്നീ അംഗീകാരങ്ങള്‍ ലഭിച്ചിരുന്നു. നൂതന ചികിത്സാ സംവിധാനം ഒരുക്കുന്നതോടെ ജില്ലയിലെ തന്നെ മികച്ച മൃഗ ചികിത്സാ കേന്ദ്രമായി മൂവാറ്റുപുഴ മൃഗാശുപത്രി മാറും.

 

Back to top button
error: Content is protected !!