കനത്തമഴ: പോയാലിമലയില്‍ മണ്ണിടിച്ചില്‍

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ പോയാലിമലയില്‍ കനത്തമഴയില്‍ മണ്ണിടിച്ചില്‍.ഇന്ന് രാവിലെ ഏഴ്മണിയോടെയാണ് പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടായത്. മാസങ്ങളായി തുടരുന്ന അനധികൃതമായ മണ്ണെടുപ്പാണ് അപകടകാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു . ടൂറിസം പ്രോജക്ടിനായി പദ്ധതി തയ്യാറാക്കുന്ന പോയാലി മലയുടെ വിവിധ ഭാഗത്ത് അപകടകരമായ രീതിയില്‍ മണ്ണിടിച്ച് നിരത്തുന്നുവെന്ന നാട്ടുകാരുടെ പരാതി നിലനില്ക്കെയാണ് ദുരന്തം സംഭവിച്ചത്. പോയാലിമലയിലെ അനധികൃതമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ ആക്ഷേപമുന്നയിച്ചു. പോയാലിമല – മില്ലുംപടി റോഡിലേക്കാണ് 200 മീറ്ററിലേറെ നീളത്തിലുള്ള പ്ലൈവുഡ് കമ്പനിയുടെ സംരക്ഷണഭീത്തിയുള്‍പ്പെടെ തകര്‍ന്ന് വീണത്. റോഡ് പൂര്‍ണ്ണമായും മണ്ണും കല്ലും നിറഞ്ഞ് ഗതാഗതം മുടങ്ങി. സ്‌കൂള്‍ ബസ് ഉള്‍പ്പെടെ പോകുന്ന റോഡിലേക്കായിരുന്നു മതിലിടിഞ്ഞത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ആളപായമോ വീടുകള്‍ക്ക് നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. അപകടം വിവരമറിഞ്ഞ് മൂവാറ്റുപുഴ തഹസില്‍ദാര്‍ കെ.എസ്. സതീശന്‍, എല്‍.ആര്‍ തഹസില്‍ദാര്‍ അസ്മാബീവി പി.വി., ഡെപ്പ്യൂട്ടി തഹസില്‍ദാര്‍ ബി. മധു, വില്ലേജ് ആഫീസര്‍ വിനോദ് പി.എച്ച്, പി.എച്ച് അഷഫറഫ്ഖാന്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പോയാലിമലയില്‍ അനധികൃതമായ മണ്ണെടുപ്പിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കിയത് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ആണെന്ന് തഹസില്‍ദാര്‍ കെ.എസ് സതീശന്‍ മൂവാറ്റുപുഴ ന്യൂസിനോട് പറഞ്ഞു. അടിയന്തിരമായി പോയാലിമലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാതൃൂസ് വര്‍ക്കി, പഞ്ചായത്ത് അംഗങ്ങളായ റജീന ഷിഹാജ്, സക്കീര്‍ ഹുസൈന്‍, മുഹമ്മദ് ഷാഫി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി.ആര്‍. സുകുമാരന്‍, എം,പി, ഇബ്രാഹിം തുടങ്ങിയവരും സ്ഥലത്ത് എത്തി. കെട്ടിട നിര്‍മാണത്തിനു നിയമാനുസൃതമായ അനുമതി നല്‍കുകമാത്രമാണ് പഞ്ചായത്ത് ഭരണസമിതി ചെയ്തതെന്നും അനധികൃതമായി മണ്ണെടുത്ത് നര്‍മാണം ആരംഭിച്ചതില്‍ പഞ്ചായത്തിനു ഉത്തരവാദിത്വമില്ലെന്നും ഇത്തരം കാര്യങ്ങള്‍ മൈനിങ് ആന്റ് ജിയോളജി വകുപ്പും മറ്റു അധികൃതരുമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് മാതൃൂസ് വര്‍ക്കി പറഞ്ഞു. നിര്‍മാണം തടയുന്നതിന് ഉടന്‍ സ്റ്റോപ്പ് മെമ്മോ നല്‍കുമെന്നും മാതൃൂസ് വര്‍ക്കി. മണ്ണിടിച്ചില്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും, അനധികൃത നിര്‍മ്മാണം സിപിഐഎം ഇടപെട്ട് നിര്‍ത്തിക്കുമെന്നും സിപിഐഎം ലോക്കല്‍ സെക്രട്ടറി ആര്‍ സുകുമാരന്‍ പറഞ്ഞു.

 

Back to top button
error: Content is protected !!