ഒരുമാസത്തിലേറെയായി തകര്‍ന്ന് കിടന്ന ഓടയുടെ സ്ലാബ് പുനര്‍നിര്‍മ്മിച്ച് അധികൃതര്‍: മൂവാറ്റുപുഴ ന്യൂസ് ഇംപാക്ട്‌

മൂവാറ്റുപുഴ: ഒരുമാസത്തിലേറെയായി അധികൃതര്‍ തിരിഞ്ഞ് നോക്കാതെ തകര്‍ന്ന് കിടന്ന ഓടയുടെ സ്ലാബ് മൂവാറ്റുപുഴ ന്യൂസിന്റെ വാര്‍ത്തയെ തുടര്‍ന്ന് ഒരു ദിവസത്തിനുള്ളില്‍ അടച്ച് അധികൃതര്‍. ദിനംപ്രതി നൂറകണക്കിന് കല്‍നടയാത്രക്കാരുള്‍പ്പെടെ സഞ്ചരിക്കുന്ന കച്ചേരിത്താഴത്തിനും ടിബി ജംഗ്‌നും ഇടയിലുള്ള റോഡിലെ ഓടയുടെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന വാര്‍ത്ത മൂവാറ്റുപുഴ ന്യൂസ് തിങ്കളാഴ്ച പുറത്തുവിട്ടതിനെ തുടര്‍ന്നാണ് അധികൃതരുടെ നടപടി. തൊടുപുഴ കേരള റോഡ് ഫണ്ട് ബോര്‍ഡാണ് മൂവാറ്റുപുഴ ന്യൂസിന്റെ വാര്‍ത്തയെ തുടര്‍ന്ന് ഓടയുടെ സ്ലാബ് അടച്ചത്. റോഡിലൂടെ പോകുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ഓടയില്‍ വീഴാനുള്ള സാധ്യതകള്‍ ഏറിയിട്ടും നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറായിരുന്നില്ല. പൗരസമതിയുടെ നേതൃത്വത്തില്‍ ഇവിടെ അപായസൂചക ബോര്‍ഡും സ്ഥാപിച്ചിരുന്നു. വിഷയത്തില്‍ പ്രദേശവാസികളുടെയും, യാത്രക്കാരുടെയും ബുദ്ധിമുട്ടേറിയ സാഹചര്യത്തെതുടര്‍ന്നാണ് മൂവാറ്റുപുഴ ന്യൂസ് വിഷയത്തില്‍ ഇടപെട്ടത്. പൗരസമതിയും, വ്യാപരികളും, ബിജെപി പ്രവര്‍ത്തകരും നഗരസഭയിലും, പിഡബ്യൂഡി അധികൃതര്‍ക്കും പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകാതെ നിഷ്‌ക്രിയത്വം തുടരുകയായിരുന്നു.

Back to top button
error: Content is protected !!