നഗരത്തെ പ്രകാശ പൂരിതമാക്കുന്നതിന് മൂവാറ്റുപുഴ നഗരസഭയില്‍ ‘നിലാവ്’ പദ്ധതി നടപ്പാക്കുന്നതിന് പുതിയ കൗണ്‍സിലിന്‍റെ പ്രഥമ യോഗം തീരുമാനിച്ചു.

മൂവാറ്റുപുഴ : നഗരത്തെ പ്രകാശ പൂരിതമാക്കുന്നതിന് മൂവാറ്റുപുഴ നഗരസഭയില്‍ ‘നിലാവ്’ പദ്ധതി നടപ്പാക്കുന്നതിന് പുതിയ കൗണ്‍സിലിന്‍റെ പ്രഥമ യോഗം തീരുമാനിച്ചു. കിഫ്ബിയുടെ സഹായത്തോടെ അമ്പത് ലക്ഷം ചെലവഴിച്ചാണ് നിലാവ് പദ്ധതി നടപ്പാക്കുകയെന്ന് നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ് പറഞ്ഞു. ആദ്യഘട്ടമായി നഗരപ്രദേശത്തെ പ്രധാന റോഡുകളുടെ വശങ്ങളിലാകും തെരുവ് വിളക്ക് സ്ഥാപിക്കുക. തൊടുപുഴ, പണ്ടപ്പിളളി, കൂത്താട്ടുകുളം, പിറവം, കോതമംഗലം, കോലഞ്ചേരി, പെരുമ്പാവൂര്‍ റോഡ് ഭാഗങ്ങളിലെ നഗരസഭാ പരിധിയില്‍ പദ്ധതി നടപ്പാക്കും. പിന്നാലെ 28 വാര്‍ഡുകളിലും വെളിച്ച വിപ്ലവത്തിന് തുടക്കം കുറിക്കും. കെഎസ്ഇബി സംസ്ഥാന എനര്‍ജി എഫിഷന്‍സി സര്‍വ്വീസസ് ലിമിറ്റഡ് (ഇഇഎസ്എല്‍) എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുകയെന്നും നഗരസഭാധ്യക്ഷന്‍ വ്യക്തമാക്കി. നിലവിലുളള ട്യൂബ് ലൈറ്റുകളും സോഡിയം വേപ്പര്‍ലാമ്പുകളും മാറ്റി എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിക്കും. ഇത്തരത്തില്‍ നഗരത്തിലാകെ 2000 തെരുവ് വിളക്കുകളായിരിക്കും പ്രകാശിപ്പിക്കുക. 18, 35, 70, 110 വാട്ട്സ് ശേഷിയുളള ഒരു യൂണിറ്റിന് 500 രൂപയാണ് ചെലവ്. ഇത്തരത്തില്‍ 8500 യൂണിറ്റുകളാണ് സ്ഥാപിക്കുക. എല്‍ഇഡി ബള്‍ബുകള്‍ക്കും ഫിറ്റിംഗ് ചാര്‍ജ്ജിനും മറ്റുമായി അമ്പത് ലക്ഷം വേണ്ടിവരും. നിലവിലെ സോഡിയം വേപ്പര്‍ ലാമ്പുകള്‍ ഭൂരിപക്ഷവും പ്രവര്‍ത്തനരഹിതമാണ്. അറ്റകുറ്റപ്പണികള്‍ക്കുളള ബുദ്ധിമുട്ടും പാര്‍ട്സുകള്‍ ലഭിക്കാത്തതുമാണ് ഇവ പ്രകാശിപ്പിക്കുന്നതിനുളള പ്രധാന തടസ്സം. നഗരത്തില്‍ സ്ഥാപിച്ചിട്ടുളള ഇത്തരം ലൈറ്റുകളുടെ യന്ത്രഭാഗങ്ങള്‍ വിപണിയില്‍ ലഭിക്കാത്ത സ്ഥിതിയാണ്. നിലാവ് പദ്ധതി നടപ്പാക്കുന്നതോടെ ഇതിന് പരിഹാരമാകും. മാത്രമല്ല പദ്ധതി വഴി സ്ഥാപിക്കുന്ന എല്‍ഇഡി ബള്‍ബുകള്‍ക്ക് ഏഴ് വര്‍ഷത്തെ ഗ്യാരന്‍റിയും ലഭിക്കും. നഗരസഭ ചുമതലപ്പെടുത്തുന്ന കരാറുകാരനായിരിക്കും അറ്റകുറ്റപ്പണികളുടെ ചുമതല. ഇപ്പോള്‍ പ്രതിമാസം 15 ലക്ഷമാണ് തെരുവ് വിളക്ക് പ്രകാശിപ്പിക്കുന്നതിന് നഗരസഭ വൈദ്യുതി ചാര്‍ജ്ജിനത്തില്‍ കെഎസ്ഇബിയ്ക്ക് നല്‍കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ വൈദ്യുതി നിരക്ക് 60 ശതമാനമായി കുറയും. ഇത് നഗരസഭയുടെ ചെലവ് ചുരുക്കുന്നതിന് സാഹയകരമാകും. കിഫ്ബി അനുവദിക്കുന്ന തുക പലിശയില്ലാതെ ഏഴു വര്‍ഷം കൊണ്ട് അടച്ചു തീര്‍ത്താല്‍ മതിയാകും. വാര്‍ഷിക പദ്ധതി വിഹിതത്തില്‍ നിന്ന് സര്‍ക്കാര്‍ തന്നെ ഈ തുക വെട്ടിക്കുറച്ച് കിഫ്ബിയിലേയ്ക്ക് അടയ്ക്കും. കെഎസ്ഇബിക്കാണ് നിര്‍വ്വഹണ ചുമതല. ബള്‍ബുകള്‍ എനര്‍ജി എഫിഷന്‍സി സര്‍വ്വീസാണ് ലഭ്യമാക്കുക. വൈദ്യുതി ഉപഭോഗം കണ്ടെത്തുന്നതിന് ഇതിനായി പ്രത്യേക മീറ്ററുകളും സ്ഥാപിക്കും. പരമ്പരാഗത തെരുവ് വിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്നതോടെ നഗരത്തിലെ ഇരുട്ട് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയുമെന്നും ജനങ്ങളുടെ പരാതിക്ക് പൂര്‍ണ്ണ പരിഹാരമാകുമെന്നും പി.പി. എല്‍ദോസ് വ്യക്തമാക്കി. പരിസ്ഥിതിക്കും പദ്ധതി പ്രയോജനകരമാകും.

Back to top button
error: Content is protected !!