വാര്‍ഡിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ കിറ്റുമായി മൂവാറ്റുപുഴ നഗരസഭാംഗം ജോയ്‌സ് മേരി ആന്റണി

മൂവാറ്റുപുഴ: വിദ്യാലയവര്‍ഷാരംഭദിനത്തില്‍ തന്റെ വാര്‍ഡിലെ അങ്കണവാടി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും വീടുകളില്‍ ബാഗുകളും, കുടകളും അടങ്ങുന്ന വിദ്യാഭ്യാസ കിറ്റുമായി മൂവാറ്റുപുഴ നഗരസഭാംഗം ജോയ്‌സ് മേരി ആന്റണി. ‘എല്ലാം സെറ്റ്’ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പ്രചാരണം ഏറ്റെടുത്താണ് 14-ാം വാര്‍ഡംഗമായ ജോയ്‌സ് കിറ്റുകള്‍ എത്തിച്ചത്. നഗരസഭാംഗത്തിന്റെ ഓണറേറിയവും, ബിസിനസില്‍ നിന്നുള്ള വരുമാനവും കൂടി ഉള്‍പ്പെടുത്തിയാണ് വിദ്യാഭ്യാസ കിറ്റ് വാങ്ങിയത്. ഒരിക്കലും മറക്കാനാകാത്ത ഒരു വര്‍ഷാരംഭം എന്നായിരുന്നു കുട്ടികളുടെ പ്രതികരണം. സ്‌കൂള്‍ തുറക്കുന്‌പോള്‍ ബാഗോ കുടയോ കിട്ടുമോ എന്ന് നഗരസഭാംഗത്തോട് വാട്‌സ്ആപ്പ് വഴി നേരത്തെ ഏതാനും കുട്ടികള്‍ ചോദിച്ചിരുന്നു. തുടര്‍ന്നാണ് വാര്‍ഡിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങളടങ്ങിയ കിറ്റ് നല്‍കാന്‍ തീരുമാനിച്ചതെന്ന് ജോയ്‌സ് പറഞ്ഞു.

വാര്‍ഡിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തെ സഹായിക്കുന്ന മൊബൈല്‍ ആപ്പ്, അക്കാദമിക് കലണ്ടര്‍ എന്നിവയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണെന്നും അവര്‍ പറഞ്ഞു. കോവിഡ് കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ആവശ്യമായ മൊബൈല്‍ ഫോണുകളും, പഠനോപകരണങ്ങളും ജോയ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചു നല്‍കിയിരുന്നു. രോഗികള്‍ക്ക് പരിചരണം നല്‍കുന്ന കോവിഡ് കെയര്‍ അറ്റ് ഹോം എന്ന പരിപാടിയും ശ്രദ്ധേയമായി. വാര്‍ഡിലെ മുഴുവന്‍ വീടുകളിലും മധുരം നല്‍കിയാണ് അധ്യയനവര്‍ഷാരംഭത്തില്‍ വിദ്യാര്‍ത്ഥികളെ യാത്രയാക്കിയത്. വാര്‍ഡ് വികസന സമിതി അംഗങ്ങളായ ചെറിയാന്‍ മാതേയ്ക്കല്‍, വില്‍സണ്‍ പത്തുപറ, സജി ചാത്തന്‍കണ്ടം, സബൂറ ബീവി, അഷ്‌റഫ് എന്നിവരും പങ്കെടുത്തു.

Back to top button
error: Content is protected !!