ഡെങ്കിപ്പനി; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി മൂവാറ്റുപുഴ നഗരസഭ

മൂവാറ്റുപുഴ: നഗരസഭയുടെ വിവിധ വാര്‍ഡുകളില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. പനി ബാധിത പ്രദേശങ്ങളില്‍ നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. രോഗ തീവ്രതയെയും പ്രതിരോധ മാര്‍ഗങ്ങളെയും ചികിത്സ രീതികളെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വീടുകള്‍ തോറും ലഘുലേഖകള്‍ വിതരണം ചെയ്തു. കൊതുകുകളുടെ ഉറവിട കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി 4,5,9,24 വാര്‍ഡുകളില്‍ ഡ്രൈഡേ ആചരിച്ചു. വെളളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുന്നതിനുളള പ്രവര്‍ത്തനമാണ് പ്രധാനമായും സംഘടിപ്പിച്ചത്. കൊതുക് നശീകരണത്തിനായി സ്‌പ്രേയിംഗ് ഫോഗിംഗ് നടത്തി. കൂടുതല്‍ ഫോഗിംഗ് മെഷീന്‍ എത്തിച്ച് പനി ബാധിത മേഖലകളില്‍ ഫോഗിംഗ് വ്യാപകമാക്കും. മുഴുവന്‍ വാര്‍ഡ്കളിലും ശുചീകരണ ജോലി തുടര്‍ന്ന് വരികയാണ്. പനി പടരാതിരിക്കാന്‍ വ്യക്തി ശുചിത്വവും പൊതു ശുചിത്വവും ഉറപ്പ് വരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. കൊതുക് മുട്ടയിട്ട് വളരുന്നത് ഒഴിവാക്കാന്‍ ചെറുതും വലുതുമായ വെളളക്കെട്ടുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധ ചെലുത്തണം. തിളപ്പിച്ചാറിയ ശുദ്ധ ജലമേ കുടിക്കാവു. നാല് അഞ്ച് വാര്‍ഡുകളില്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ്, കൗണ്‍സിലര്‍മാരായ നെജില ഷാജി, പി.വി. രാധാകൃഷ്ണന്‍, നഗരസഭ ആരോഗ്യ വിഭാഗം എച്ച്.ഐ. സുധീഷ്, ജെ.എച്ച്.ഐ. ശ്രീജ, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു

 

Back to top button
error: Content is protected !!