ലഹരിക്കെതിരേ മൂവാറ്റുപുഴയിൽ മനുഷ്യച്ചങ്ങല

മൂവാറ്റുപുഴ: നഗരസഭയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് മുതൽ നവംബർ ഒന്നു വരെ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാര്‍ച്ചനയോടെ ആരംഭിക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനം നവംബർ ഒന്നിന് മനുഷ്യച്ചങ്ങലയോടെ സമാപിക്കും. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ ഓഫീസിൽ ചേർന്ന ഉന്നതതല യോഗം നഗരസഭാ ചെയർമാൻ പി.പി. എല്‍ദോസ്  ഉദ്ഘാടനം ചെയ്തു. നൂറു കണക്കിന് അതിഥി തൊഴിലാളികള്‍ അടക്കം താമസിക്കുന്ന നഗരത്തിൽ  എം.ഡി.എം.എ. അടക്കമുള്ള മാരക മയക്കുമരുന്നുകളുമായി എക്സൈസ്, പോലീസ് സംഘം യുവാക്കളടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരോധിത ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിദ്യാർഥികളെയും യുവജനങ്ങളെയും ലക്ഷ്യമാക്കി ലഹരി മാഫിയ നടത്തുന്ന പ്രവർത്തനം പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഒരു മാസം നീണ്ടുനിൽക്കുന്ന പ്രചാരണ, ബോധവത്ക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് ചെയർമാൻ പറഞ്ഞു. ഗാന്ധിജയന്തി ദിനത്തിൽ രാവിലെ എട്ടിന് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന യോടെ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കും. മയക്കുമരുന്ന് വിൽപ്പനയ്ക്കും ഉപയോഗത്തിനും എതിരെ അതിഥി തൊഴിലാളികൾക്കിടയിൽ പ്രത്യേക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. അതിഥി തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ക്ലാസിൽ ലഹരിയുടെ ദോഷ വശങ്ങളെക്കുറിച്ചും പിടിക്കപ്പെട്ടാൽ ഉണ്ടാകാവുന്ന നിയമ നടപടികളെക്കുറിച്ചും അവരുടെ ഭാഷയിൽ വിദഗ്ധർ ക്ലാസ് നയിക്കും. ഇതോടൊപ്പം ജില്ലയിൽനിന്നുള്ള പ്രത്യേക സംഘത്തിന്റെ സഹായത്തോടെ മയക്കുമരുന്ന് ഉപയോഗത്തിനും  വിൽപ്പനയ്ക്കും എതിരെ ശക്തമായ പരിശോധനയും നിയമ നടപടിയും സ്വീകരിക്കും. നഗരത്തില്‍ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രത്യേക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.

ഇതിന് മുന്നോടിയായി ഒക്ടോബർ പത്തിന് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നഗരത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപന അധികൃതരുടെയും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെയും വിവിധ സംഘടനാ നേതാക്കളുടെയും യോഗം ചേരും.  നഗരത്തിലെ മുഴുവൻ സ്കൂളുകളിലും പി.ടി.എ.യുടെ സഹായത്തോടെ ബോധവത്ക്കരണ ക്ലാസ്സും ലഹരിവിരുദ്ധ പ്രവർത്തനവും സംഘടിപ്പിക്കും. സമാപന ദിനമായ നവംബർ ഒന്നിന് കെ.എസ്.ആർ.ടി.സി. ജംങ്ഷന്‍ മുതൽ കീച്ചേരിപ്പടിവരെ ലഹരിക്കെതിരേ മനുഷ്യച്ചങ്ങല തീർക്കും. വിദ്യാർഥികൾ, യുവാക്കൾ, സാമൂഹിക- സാംസ്കാരിക- സന്നദ്ധ സംഘടനാ പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ, മത മേലധ്യക്ഷന്മാര്‍, ലഹരി വിരുദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കും.  വൈസ് ചെയർപേഴ്സൺ സിനി ബിജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി.എം. അബ്ദുൽസലാം, അജി മുണ്ടാട്ട്, നിസ അഷറഫ്, കൗണ്‍സിലര്‍മാരായ കെ.ജി. അനില്‍ കുമാര്‍, ജിനു ആന്റണി, ബിന്ദു സുരേഷ്കുമാര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിനീത് രവി    തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Back to top button
error: Content is protected !!