മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ബസ്റ്റാന്റിന് ശാപമോക്ഷമാകുന്നു

മൂവാറ്റുപുഴ: മുടങ്ങിക്കിടക്കുന്ന കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും നാലര കോടി രൂപ ചിലവഴിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക. പിഡബ്ല്യുഡി ബില്‍ഡിംഗ് ഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ അതിവേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് എംഎല്‍എ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ആദ്യം പൂര്‍ത്തിയാക്കുക. ശൗചാലയങ്ങളുടെ അവശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികളും ഉടന്‍ തന്നെ പൂര്‍ത്തിയാക്കും. കെഎസ്ആര്‍ടിസിയുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി മാത്യു കുടല്‍നാടന്‍ എംഎല്‍എ നിരന്തരം സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. കെഎസ്ആര്‍ടിസി എംഡി അടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ സ്റ്റാന്‍ഡില്‍ പരിശോധന നടത്തിയെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ തീരുമാനമായില്ല. ഫണ്ട് ലഭ്യത കുറവ് ചൂണ്ടിക്കാട്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുകയും യാത്രക്കാര്‍ ദുരിതത്തില്‍ ആവുകയും ചെയ്തതോടെയാണ് ആസ്തി വികസന ഫണ്ടില്‍ നിന്നും പണം ഉപയോഗിച്ച് നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എംഎല്‍എ തീരുമാനിച്ചത്. കെഎസ്ആര്‍ടിസിയുടെ ശോചനീയാവസ്ഥ പരിശോധിക്കാന്‍ കെഎസ്ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥരും പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥരും ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്ന് നടത്തിയ ഉന്നതതല യോഗത്തിലാണ് സ്റ്റാന്‍ഡ് നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. യോഗത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ പി.പി എല്‍ദോസ്, കെഎസ്ആര്‍ടിസി ജനറല്‍ മാനേജര്‍ ജോഷോ ബെന്നറ്റ്, സീനിയര്‍ ആര്‍ക്കിടെക്ട് സി.പി ബാലമുരുകന്‍, പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജോസി മോള്‍ ജോഷ്വ, മറ്റ് വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!