കോതമംഗലംമൂവാറ്റുപുഴ

മൂവാറ്റുപുഴ – കോതമംഗലം ബൈപ്പാസ് റോഡുകൾ യാഥാർത്ഥ്യമാക്കുന്നതിനായി കൂടുതൽ ജനകീയ സമ്മർദ്ദം ഉണ്ടാകണം:- ഡീൻ കുര്യാക്കോസ് എം.പി.

 

മൂവാറ്റുപുഴ: കോതമംഗലം- മൂവാറ്റുപുഴ ബൈപ്പാസ് റോഡുകൾ യാഥാർത്ഥ്യമാക്കുന്നതിനായി കൂടുതൽ ജനകീയ സമ്മർദ്ദം ഉണ്ടാകണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. വർഷങ്ങളായി ജനങ്ങളുടെ ആവശ്യമായിരുന്ന നിർദ്ദിഷ്ട എൻ.എച്ച്., ബൈപ്പാസുമായി ബന്ധപ്പെട്ടിട്ടുള്ള നടപടികൾ 2017 മുതൽ നിർത്തി വച്ചിരിയ്ക്കുകയായിരുന്നു.നേരത്തെ തന്നെ 45 മീറ്റർ വീതിയെടുത്ത് അലൈൻമെൻറ് ഫിക്സ് ചെയ്തിരുന്ന ഈ പദ്ധതിയിൽ കേന്ദ്ര ഗവൺമെന്റ് ഡി.പി.ആർ. തയ്യാറാക്കുന്നതിനുവേണ്ടി കൺസൾട്ടൻസിയെ ഏൽപ്പിച്ചിരുന്നതുമാണ്. ഈ അവസരത്തിലാണ് 2017-ൽ ഭാരത് മാല പ്രോജക്ട് പ്രഖ്യാപിയ്ക്കുകയും തത്ഫലമായി ബൈപ്പാസിന്റെ തുടർനടപടികൾ നിർത്തിവയ്ക്കുകയും ചെയ്തത്. എം.പി. ആയതിന് ശേഷം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാക്കുന്നതിനുവേണ്ടി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്ക്കരിയുമായി നിരന്തരം കൂടിക്കാഴ്ച നടത്തിയതിന്റെ ഫലമായി 2 സ്റ്റാൻഡ് എലോൺ വർക്കുകളായി ഈ പദ്ധതി പൂർത്തീകരിയ്ക്കുവാൻ കേന്ദ്രഗവൺമെന്റ് തയ്യാറാണെന്ന് അറിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ ഘട്ടത്തിൽ സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുക്കലിന്റെ 50 ശതമാനം തുക വകയിരുത്തിയാൽ മാത്രമെ പദ്ധതി പൂർത്തികരിയ്ക്കുവാൻ സാധിക്കു എന്നാണ് l കേന്ദ്രമന്ത്രി അറിയ്ച്ചിട്ടുള്ളത്. നിലവിൽ ഭാരത് മാല പ്രോജക്ട് അനുസരിച്ച് മൂവാറ്റുപുഴയും കോതമംഗലവും തമ്മിൽ യാതോരു ബന്ധവും ഇല്ലാത്ത രീതിയിലാണ് ഗ്രീൻ ഫീൽഡ് അലൈൻമെൻറ് ഫിക്സ് ചെയ്തിട്ടുള്ളത്. ഭാരത് മാല പ്രോജക്ട് യാഥാർത്ഥ്യമാകുന്ന മുറയ്ക്ക് നിലവിലുള്ള എൻ.എച്ച്. 85 അവിടേക്ക് മാറുമെന്നുള്ളതിനാൽ ഈ പദ്ധതി ഇനി കുറെക്കാലം കൂടി മുടങ്ങിക്കിടക്കുന്നത് ശരിയല്ല. ഇത് മൂവാറ്റുപുഴയുടെയും കോതമംഗലത്തിൻറെയും ഭൗതികമായ വികസനത്തിന് ഒട്ടേറെ പ്രയാസങ്ങൾ ഉണ്ടാക്കും എന്നുള്ളതിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി സ്റ്റാൻഡ് എലോൺ വർക്കായി ഈ കാര്യം അനുവദിയ്ക്കണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ കേന്ദ്രം അനുകൂലമായ നിലപാട് സ്വീകരിച്ചിരിയ്ക്കുന്നതിനാലും നാടിന്റെ പൊതുവായ ആവശ്യം എന്നതിനാലും 50 ശതമാനം ഭൂമി ഏറ്റെടുക്കൽ തുക സംസ്ഥാന സർക്കാർ വഹിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകുകയും ജനുവരി 19 ന് ബഹു. മുഖ്യന്ത്രിയെ നേരിൽക്കണ്ട് എം.പി. ഇക്കാര്യം സംസാരിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ എം.എൽ.എ. മാർ ഉൾപ്പെടെയുള്ള ആളുകളുടെ പിൻന്തുണയുണ്ടാവണമെന്നും എം.പി. ആവശ്യപ്പെട്ടു. സാമൂഹിക സാംസ്ക്കാരിക ബൗദ്ധിക രംഗത്തുള്ള മൂവാറ്റുപുഴയിലെ മുഴുവൻ ആളുകളുടെയും സമ്മർദ്ദം ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകണമെന്നും എം.പി. കൂട്ടിച്ചേർത്തു. ശബരി റെയിൽവെ പദ്ധതി പുനർജീവിപ്പിയ്ക്കുന്നതിനുവേണ്ടി 2021-ലെ ബജറ്റിൽ തുക വകയിരുത്തണമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി പീയുഷ് ഗോയലിനോട് ആവശ്യപ്പെട്ടുകൊണ്ട് കത്തയച്ചിട്ടുണ്ട്. സംസ്ഥാനം ചെലവിന്റെ 50 ശതമാനം ഏറ്റെടുക്കാമെന്ന് സമ്മതിച്ച് കാബിനറ്റ് തീരുമാനം എടുക്കുകയും സംസ്ഥാന ബജറ്റിൽ പ്രഖ്യാപിയ്ക്കുകയും ചെയ്തിട്ടുണ്ടങ്കിലും സന്നദ്ധത കേന്ദ്രത്തെ അറിയ്ക്കുകയും ശബരി റെയിൽവെ പദ്ധതിയെ കേന്ദ്രബജറ്റിൽ വീണ്ടും ഉൾപ്പെടുത്തുവാൻ ആവശ്യപ്പെടണമെന്നും കേന്ദ്രവുമായി ധാരണപത്രം ഒപ്പിടുന്നതിന് നടപടികൾ സ്വീകരിയ്ക്കണമെന്നും ബഹു. മുഖ്യമന്ത്രി, റെയിൽവെ ചുമതലയുള്ള മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരോട് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. ജനുവരി 23 ന് നടക്കുന്ന എം.പി. മാരുടെ കോൺഫറൻസിൽ ഇക്കാര്യം ഉന്നയിക്കുന്നതാണെന്നും എം.പി. പറഞ്ഞു.

Back to top button
error: Content is protected !!
Close