മൂവാറ്റുപുഴ അതിഥി മന്ദിരം പഴങ്കഥയാകുന്നു

മൂവാറ്റുപുഴ : ഒട്ടേറെ ചര്‍ച്ചകള്‍ക്കും നിര്‍ണ്ണായക രാഷ്ട്രീയ തീരുമാനങ്ങള്‍ക്കും വേദിയായിരുന്ന പുരാതനമായ മൂവാറ്റുപുഴ അതിഥി മന്ദിരം പഴങ്കഥയാകുന്നു. പുതിയ മന്ദിരം നിര്‍മിക്കുന്നതിന്റെ ഭാഗമായി സ്വാതന്ത്ര്യത്തിന് മുന്നേ പണികഴിപ്പിച്ച പഴയ മന്ദിരവും 50 കൊല്ലം മുന്പ് പുതുക്കിപ്പണിത പുതിയ കെട്ടിടവുമാണ് പൊളിച്ചു തുടങ്ങിയത്. ഇവിടെ അഞ്ചുകോടി ചെലവില്‍ പുതിയ മന്ദിരം ഉയരും. മൂന്നു നിലകളിലായാണ് പുതിയ അതിഥി മന്ദിരം ഉയരുന്നത്. രണ്ടു നിലകളിലായാണ് മുറികളും ഒരുക്കുക. താഴത്തെ നിലയില്‍ സ്യൂട്ട് റൂമടക്കം മൂന്ന് മുറികളും, അടുക്കളയും ഡൈനിംഗ് ഹാളും ഉണ്ടാകും. പ്രത്യേക പാര്‍ക്കിംഗ് സൗകര്യത്തോടെ നിര്‍മിക്കുന്ന കെട്ടിടത്തില്‍ ലിഫ്റ്റടക്കം രണ്ടു നിലകളിലായി 11 മുറികളാണുള്ളത്. മൂന്നാം നിലയില്‍ വലിയ കോണ്‍ഫറന്‍സ് ഹാളാണുള്ളത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി, ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. കിഴക്കന്‍ മേഖലയിലെ ആദ്യ സര്‍ക്കാര്‍ അതിഥി മന്ദിരമായ ഇവിടെ മുന്‍ മുഖ്യമന്ത്രിമാരായിരുന്ന ഇഎംഎസ്, സി. അച്യുതമേനോന്‍, കെ. കരുണാകരന്‍, എ.കെ. ആന്റണി, പി.കെ. വാസുദേവന്‍ നായര്‍, സി.എച്ച്. മുഹമ്മദ് കോയ, അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി എന്നിവരുടെയും മന്ത്രിമാരുടെയും ഉന്നത രാഷ്ട്രീയ മത നേതാക്കളുടെയും ഇടത്താവളമായിരുന്നു. എ.കെ. ഗോപാലനും (എകെജി) ഭാര്യ സുശീല ഗോപാലനും ഇവിടെ ദിവസങ്ങളോളം താമസിച്ചിരുന്നതായി അന്നത്തെ ജൂണിയര്‍ എന്‍ജിനീയറായിരുന്ന എ. മമ്മി അറയ്ക്കല്‍ പറഞ്ഞു.

 

Back to top button
error: Content is protected !!