മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ അഞ്ച് റോഡുകളുടെ നവീകരണത്തിന് 16.50 കോടി രൂപ അനുവദിച്ചു.

 

മൂവാറ്റുപുഴ: നിയോജക മണ്ഡലത്തില്‍ അഞ്ച് റോഡുകളുടെ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും 16.50-കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ. അറിയിച്ചു. മൂവാറ്റുപുഴ ഇ.ഇ.സി. മാര്‍ക്കറ്റ് റോഡിന് 1.25 കോടി, കടാതി-കടയ്ക്കനാട്ട് റോഡിന് 2.50-കോടി, ആരക്കുഴ-തോട്ടക്കര റോഡിന് 2.25-കോടി, മണ്ണൂര്‍-വാളകം റോഡിന് 2.50-കോടി, ചാത്തമറ്റം-മുള്ളിരിങ്ങാട് റോഡിന് 8 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മൂവാറ്റുപുഴ നഗരസഭയിലെ പ്രധാന ബൈപാസ് റോഡുകളിലൊന്നായ ഇ.ഇ.സി. മാക്കറ്റ് റോഡ് എം.സി. റോഡിലെ വെള്ളൂര്‍കുന്നത്ത് നിന്നും ആരംഭിച്ച് കീച്ചേരിപ്പടി-ഇരമല്ലൂര്‍ റോഡില്‍ അവസാനിക്കുന്ന ഒരു കിലോമീറ്ററോളം വരുന്ന ഭാഗം വരെയുള്ള റോഡ് ബി.എം.ബി.സി. നിലവാരത്തില്‍ ടാര്‍ ചെയ്ത് മനോഹരമാക്കുന്നതിനാണ് 1.25-കോടി രൂപ അനുവദിച്ചിരിക്കുന്നത്. വാളകം പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ കടാതി-കടയ്ക്കനാട്ട് റോഡിന്റെ നാല് കിലോമീറ്റര്‍ വരുന്ന ഭാഗം ബി.എം.ബി.സി. നിലവാരത്തില്‍ ടാര്‍ ചെയ്ത് മനോഹരമാക്കുന്നതിനാണ് 2.50-കോടി രൂപ അനുവദിച്ചിരിക്കുന്നത്. ആരക്കുഴ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ ആരക്കുഴ- തോട്ടക്കര റോഡിന്റെ മൂന്ന് കിലോമീറ്റര്‍ വരുന്ന ഭാഗം ബി.എം.ബി.സി. നിലവാരത്തില്‍ ടാര്‍ ചെയ്ത് മനോഹരമാക്കുന്നതിനാണ് 2.25-കോടി രൂപ അനുവദിച്ചിരിക്കുന്നത്. ശബരിമലയ്ക്ക് പോകുന്ന കാല്‍നട തീര്‍ത്ഥാടകര്‍ അടക്കം ഉപയോഗിക്കുന്ന റോഡാണിത്. വാളകം പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ വാളകം-മണ്ണൂര്‍ റോഡിന്റെ മൂന്ന് കിലോമീറ്റര്‍ വരുന്ന ഭാഗം ബി.എം.ബി.സി. നിലവാരത്തില്‍ ടാര്‍ചെയ്യുന്നതിന് 2.50-കോടി രൂപ അനുവദിച്ചിരിക്കുന്നത്. നേരത്തെ 1.90-കോടി രൂപ മുടക്കി റോഡിന്റെ ഒന്നാം ഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ ബാക്കി വരുന്ന ഭാഗം ടാര്‍ ചെയ്യുന്നതിനും റോഡ് കടന്ന് പോകുന്ന ഭാഗത്തെ പാലത്തിന്റെ വീതി കൂട്ടുന്നതിനുമാണ് 2.50-കോടി രൂപ അനുവദിച്ചിരിക്കുന്നത്. പൈങ്ങോട്ടൂര്‍-പോത്താനിക്കാട് പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന ചാത്തമറ്റം-മുള്ളിരിങ്ങാട് റോഡിന്റെ ആറ് കിലോമീറ്റര്‍ വരുന്ന ഭാഗവും പോത്താനിക്കാട് പഞ്ചായത്ത് ജംഗ്ഷന്‍ വരെയുള്ള ഭാഗവും നവീകരണത്തിന് എട്ട് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. എറണാകുളം-ഇടുക്കി ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായ ചാത്തമറ്റം-മുള്ളിരിങ്ങാട് റോഡ് ബി.എം.ബി.സി. നിലവാരത്തില്‍ ടാര്‍ചെയ്യും. ഇതോടൊപ്പം തന്നെ പോത്താനിക്കാട് പഞ്ചായത്ത് ജംഗ്ഷന്‍ വരെയുള്ള ഭാഗവും ടാര്‍ ചെയ്യുന്നതിനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്. റോഡുകളെല്ലാം തന്നെ ബി.എം.ബി.സി. നിലവാരത്തില്‍ ടാര്‍ ചെയ്ത് കലുങ്കുകളും വെള്ളകെട്ടുള്ള ഭാഗങ്ങളിലെ ഓടകളും ദിശാ ബോര്‍ഡുകളും റിഫ്‌ളക്‌സ് ലൈറ്റുകളും സ്ഥാപിച്ച് മനോഹരമാക്കും. റോഡുകള്‍ക്കെല്ലാം തന്നെ പൊതുമരാമത്ത് വകുപ്പില്‍ നിന്നും ഭരണാനുമതി ലഭിച്ചതായും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് റോഡിന്റെ നിര്‍മ്മാണം ആരംഭിക്കുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ. പറഞ്ഞു.

Back to top button
error: Content is protected !!