100% പദ്ധതി വിഹിതം ചെലവഴിച്ച് നേട്ടം കൈവരിച്ച് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്

 

 

മൂവാറ്റുപുഴ : ബ്ലോക്ക് പഞ്ചായത്ത് 2020-21 സാമ്പത്തിക വര്‍ഷം നൂറുശതമാനം പദ്ധതി വിഹിതം ചെലവഴിച്ച് നേട്ടം കൈവരിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. ജോസ് അഗസ്റ്റിന്‍ അറിയിച്ചു. വികസന ഫണ്ട് പൊതുവിഭാഗത്തില്‍ 29522787 രൂപയും, പട്ടികജാതി വിഭാഗത്തില്‍ 7324933 രൂപയും, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 399000 രൂപയും, ധനകാര്യ കമ്മീഷന്‍ ഗ്രാന്‍റ് വിഹിതത്തില്‍ 8531146 രൂപയും ഉള്‍പ്പെടെ 45777866 രൂപയാണ് ചെലവഴിച്ചത്. ലൈഫ് ഭവന പദ്ധതി, വിവിധ ഇടങ്ങളില്‍ വൈദ്യുതി ലൈന്‍ നീട്ടല്‍, കുടിവെള്ള പൈപ്പ് ലൈന്‍ നീട്ടല്‍, പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്, ശയ്യാവലംബികളായ രോഗികള്‍ക്ക് പാലിയേറ്റീവ് പരിചരണം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സ്വയം തൊഴില്‍ പ്രോത്സാഹനത്തിനായി പേപ്പര്‍ ബാഗ് നിര്‍മ്മാണം, തുണി സഞ്ചി നിര്‍മ്മാണം, ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്, ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍സെന്‍റീവ്, സുഭിക്ഷ കേരളം പദ്ധതിയിലുള്‍പ്പെടുത്തി കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ഫലവൃക്ഷതൈ വിതരണം, നെല്‍കൃഷി, ജൈവപച്ചക്കറി കൃഷി, എംജിഎന്‍ആര്‍ഇജിഎസ് കണ്‍വെര്‍ജന്‍സ് പദ്ധതികള്‍, ജലസേചന ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, റോഡുകള്‍, പൊതുകെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള പശ്ചാത്തല സൗകര്യ വികസനം, മാലിന്യസംസ്കരണം എന്നീ മേഖലകളിലായാണ് പദ്ധതി വിഹിതം ചെലവഴിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനും, പുനഃചംക്രമണം നടത്തുന്നതിനുമായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റ് പ്രവര്‍ത്തിച്ചു വരുന്നു. ക്ലീന്‍ കേരള കമ്പനിയുടെ സഹകരണത്തോടെ മൂവാറ്റുപുഴ ബ്ലോക്ക് പരിധിയില്‍പ്പെട്ട എട്ട് പഞ്ചായത്തുകളില്‍ നിന്ന് ഹരിതകര്‍മ്മസേന മുഖേന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് മെഷീന്‍ ഉപയോഗിച്ച് പൊടിക്കുകയും, തുടര്‍ന്ന് റോഡ് ടാറിംഗ് മുതലായ പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കുകയും ചെയ്തു വരുന്നു.

Back to top button
error: Content is protected !!