നഗരത്തിലും സമീപപ്രദേശങ്ങളിലും വൈദ്യുതി തടസപ്പെടുന്നത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു.

മൂവാറ്റുപുഴ : നഗരത്തിലും സമീപപ്രദേശങ്ങളിലും വൈദ്യുതി തടസപ്പെടുന്നത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. ദിവസവും നിരവധി തവണയാണ് വൈദ്യുതി തടസപ്പെടുന്നത്. കനത്ത ചൂടില്‍ ജനം നട്ടംതിരിയുമ്പോഴാണ് അടിക്കടിയുള്ള വൈദ്യുതി മുടക്കം. വൈദ്യുതി മുടക്കം പതിവാകുന്നത് നഗരത്തിലെ  വ്യാപാര-വ്യവസായങ്ങളേയും സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ജനറേറ്റര്‍ ഇല്ലെങ്കില്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാവാത്ത സ്ഥിതിയാണുള്ളതെന്ന് മര്‍ച്ചന്‍റ് അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. തുടര്‍ച്ചയായി വൈദ്യുതി തടസപ്പെടുന്നതുമൂലം വൈദ്യുതി ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലടക്കം വൈദ്യുതി തടസപ്പെടുകയാണ്. നേരത്തെ പതിവായി വൈദ്യുതി തടസപ്പെട്ടിരുന്നത് വ്യാപക പ്രതിഷേധത്തിനു കാരണമായിരുന്നു. നാട്ടുകാര്‍ കെഎസ്ഇബി ഓഫീസ് ഉപരോധമടക്കം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് വൈദ്യുതി തടസത്തിന് ശാശ്വതപരിഹാരമായി ലക്ഷങ്ങള്‍ ചെലവഴിച്ച് നഗരത്തില്‍ ഏരിയല്‍ ബഞ്ചഡ് കേബിള്‍ (എബിസി) സംവിധാനമൊരുക്കിയിരുന്നു. എബിസി സംവിധാനം നിലവില്‍ വരുന്നതോടെ നഗരത്തില്‍ വൈദ്യുതി മുടക്കത്തിനു പരിഹാരമാകുമെന്ന് അന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പദ്ധതി നിലവില്‍വന്ന ഏതാനു നാളുകള്‍ വൈദ്യുതി തടസം ഒഴിവായിരുന്നെങ്കിലും പിന്നീട് വൈദ്യുതി തടസം വിച്ഛേദിക്കപ്പെടുന്ന സ്ഥിതിയാണ്. കോവിഡ്-19 ഭീതിമൂലം നഗരത്തിലേക്ക് ജനങ്ങളുടെ വരവു കുറഞ്ഞതോടെ വ്യാപാര സ്ഥാപനങ്ങളെല്ലാം കടുത്ത നഷ്ടത്തിലായിരിക്കുന്നതിനിടെയാണ് വൈദ്യുതി തടസവും പതിവായിരിക്കുന്നത്.

Back to top button
error: Content is protected !!