മുടക്കുഴ പഞ്ചായത്തിലെ ചുരുളി ചിറ നവീകരണത്തിന് ഒരുങ്ങുന്നു

 

പെരുമ്പാവൂർ : മുടക്കുഴ ഗ്രാമപഞ്ചായത്തിലെ ചുരുളി ചിറ നവീകരണത്തിന് ഒരുങ്ങുന്നു. മുടക്കുഴ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ശുദ്ധജല സ്രോതസായ ചിറ നവീകരിക്കുന്നതിന് 14.70 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ചിറയുടെ അടിയിലെ ചെളി നീക്കം ചെയ്യുകയും ചോർച്ച അടയ്ക്കുകയും ചെയ്യും. പെരിയാർ വാലി കനാലിന്റെ പാസ്സേജ് വഴി ചെളിയും മാലിന്യങ്ങളും നിറഞ്ഞ വെള്ളം ചിറയിലേക്ക് വരുന്നത് ഒഴിവാക്കുന്നതിനായി സൈഡിലൂടെ കാന നിർമ്മിച്ചു വെള്ളം തിരിച്ചു വിടുന്നതിനും തുക അനുവദിച്ചിട്ടുണ്ട്.

പദ്ധതിയുടെ സാങ്കേതികാനുമതി തയ്യാറാക്കുന്നതിനായി എംഎൽഎ നിർദ്ദേശം നൽകി. മൈനർ ഇറിഗേഷൻ വകുപ്പ് വഴിയാണ് പദ്ധതിയുടെ സാമ്പതികാനുമതി ലഭ്യമായത്. മറ്റു നടപടി ക്രമങ്ങൾ കൂടി പൂർത്തീകരിച്ചു നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.

മുടക്കുഴ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ചുരളി ചിറ ചെളിയും പായലും മാലിന്യങ്ങളും നിറഞ്ഞു ഉപയോഗ ശൂന്യമായിരിക്കുകയാണ്. നൂറോളം കുടുംബങ്ങൾ കാർഷികാവശ്യത്തിനായും കിണറിലെ ജലത്തിനായും ഉപയോഗിക്കുന്നത് ഈ ചിറയെ ആശ്രയിച്ചാണ്. ചിറയിലെ ചോർച്ച മൂലം ജലം സംഭരിച്ചു നിർത്തുവാൻ സാധിക്കുന്നില്ല. ചിറയുടെ പരിസരത്തുള്ള കിണറുകൾ വറ്റുകയാണ്. രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന പ്രദേശമാണ് നേടുങ്കണ്ണി. 60 സെന്റിൽ നിലകൊള്ളുന്ന ചുരളി ചിറ പ്രദേശത്തെ ജലസ്രോതസ്സാണ്.

ഇത് കൂടാതെ പെരുമ്പാവൂർ മണ്ഡലത്തിലെ പ്രധാന ജലാശയങ്ങളിൽ ഒന്നായ കൊടുവേലി ചിറ നവീകരണത്തിനായി 1.75 കോടി രൂപയുടെ പദ്ധതി അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു. 5 കോടി രൂപയുടെ പദ്ധതിയാണ് കേരള ലാൻഡ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ വഴി നബാർഡിന്റെ ഗ്രാമീണ മേഖല അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലേക്ക് സമർപ്പിച്ചതെങ്കിലും ആവശ്യത്തിന് ഫണ്ട് ലഭ്യമല്ലാതിനാൽ 1.75 കോടി രൂപയുടെ എസ്റ്റിമേറ്റ് ആയി പുതുക്കി നൽകുവാൻ ആവശ്യപ്പെടുകയായിരുന്നു. അനുമതി ലഭ്യമായൽ മൂന്ന് ഘട്ടങ്ങളിലായി കൊടുവേലിച്ചിറയുടെ നവീകരണം പൂർത്തികരിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി അറിയിച്ചു. എംഎൽഎ യുടെ നിർദ്ദേശ പ്രകാരം മൈനർ ഇറിഗേഷൻ വകുപ്പ് വഴി കൂവപ്പടി പഞ്ചായത്തിലെ തൊട്ടുചിറയുടെ നവീകരണത്തിനും 34 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

ഇത് കൂടാതെ മണ്ഡലത്തിലെ മറ്റൊരു പ്രധാന ജലാശയമായ വളയൻ ചിറങ്ങര ചിറ നവീകരിച്ചു സംരക്ഷിക്കുന്നതിനും തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എൽദോസ് കുന്നപ്പിള്ളി അറിയിച്ചു. ആർ.എ.ഡി.എഫ്, ആർ.കെ.വി.വൈ പദ്ധതികളിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ പ്രധാനപ്പെട്ട ജലാശയങ്ങൾ നവീകരിച്ചു സംരക്ഷിക്കുന്നതിന് പദ്ധതികൾ തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.

Back to top button
error: Content is protected !!