മുടക്കുഴ കുടുംബരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

പെരുമ്പാവൂർ : മുടക്കുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് ആധുനിക സൗകര്യങ്ങളോടെ അനുവദിച്ച പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്‌ഘാടനം എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 99 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. മണ്ഡലത്തിൽ നടപ്പിലാക്കുന്ന ആരോഗ്യ പെരുമ്പാവൂർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്.

മൂന്ന് ഡോക്ടർമാരുടെ മുറികൾ, അത്യാഹിത മുറി, ഫർമസി സൗകര്യം, സ്റ്റോർ, ലബോറട്ടറി, റിസപ്‌ഷൻ, ഡ്രസ്സിംഗ് മുറി, നാല് ശുചിമുറികൾ, എന്നിവ ഉൾപ്പെടുന്ന കെട്ടിടമാണ് പുതിയതായി നിർമ്മിക്കുന്നത്.

കഴിഞ്ഞ വർഷമാണ് പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന മുടക്കുഴ ആശുപത്രിയെ കുടുംബരോഗ്യ കേന്ദ്രമായി ഉയർത്തിയത്. മുടക്കുഴ പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങൾ ആശ്രയിക്കുന്ന മുടക്കുഴ ആശുപത്രിയിൽ ശരാശരി ഇരുനൂറ്റിയറുപതോളം രോഗികൾ ദിനം പ്രതി ചികിത്സയ്ക്കായി എത്തുന്നുണ്ട്. സർക്കാർ പൊതുമേഖല സ്ഥാപനമായ കെൽ ആണ് നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് ജിഷ സോജൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജാൻസി ജോർജ്ജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.റ്റി അജിത്കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി വർഗീസ്, മിനി ബാബു, പഞ്ചായത്ത് അംഗങ്ങളായ പി.കെ ശിവദാസ്, ഷൈമി വർഗീസ്, എൽസി പൗലോസ്, ഷോജോ റോയി, എസ് നാരായണൻ, പി.കെ രാജു, മിനി ഷാജി, വിപിൻ പുനത്തിൽ, പി.പി അവറാച്ചൻ, എൻ.പി രാജീവ്, ഡോ. രാജിത കുട്ടപ്പൻ എന്നിവർ സംബന്ധിച്ചു.

Back to top button
error: Content is protected !!