ലഹരി മാഫിയക്കെതിരെ തോട്ടാഞ്ചേരി പ്രദേശത്തെ അമ്മമാര്‍

മൂവാറ്റുപുഴ : ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും വില്‍പ്പനക്കും എതിരെ തോട്ടാഞ്ചേരി പ്രദേശത്തെ അമ്മമാരുടെ നിവേദനം. ആയവന പഞ്ചായത്തിലെ തോട്ടാഞ്ചേരിയിലെ 300 ഓളം അമ്മമാരാണ് തങ്ങള്‍ ഭീതിയിലാണ് ഓരോ ദിവസവും തള്ളി നീക്കുന്നതെന്ന് കാണിച്ചു മാത്യു കുഴല്‍നാടന്‍ എംഎല്‍എക്ക് നിവേദനം നല്‍കിയത്. നിവേദനം എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന് എംഎല്‍എ ഇന്നലെ സമര്‍പ്പിച്ചു. ലഹരി മാഫിയയുമായി ബന്ധപ്പെട്ട ഒരു സാധാരണ വിഷയമായി ഇതിനെ കാണരുതെന്ന് നിവേദനത്തിന് ഒപ്പം നല്‍കിയ കത്തില്‍ എംഎല്‍എ ചൂണ്ടിക്കാട്ടി. തോട്ടാഞ്ചേരി പ്രദേശത്തെ തങ്ങളുടെ മക്കളും ചെറുമക്കളും ലഹരിയുടെയും ലഹരി മാഫിയയുടെയും അടിമയാകുന്നതും പൈശാചികമായി അതിദാരുണമായ അക്രമങ്ങളില്‍ ഏര്‍പ്പെടുന്നതും പതിവായതൊടെയാണ് അമ്മമാര്‍ സ്ഥലം ജനപ്രതിനിധി എന്ന നിലയില്‍ എംഎല്‍എയെ സമീപിച്ചത്.

കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലെ ഒരു ബാറില്‍ യുവാവ് കൊല്ലപ്പെട്ട സാഹചര്യത്തില്‍ തോട്ടാഞ്ചേരി പ്രദേശത്തെ ലഹരി മാഫിയയുടെ കണ്ണികളായ ഏതാനും യുവാക്കള്‍ പ്രതികളായ സാഹചര്യം ഉണ്ടായിരുന്നു. ഇവിടെ വ്യാപകമായ ലഹരി ഉപയോഗവും വില്‍പ്പനയും നടക്കുന്നതായി നിവേദനത്തില്‍ ഒപ്പിട്ട അമ്മമാര്‍ എംഎല്‍എയോട് പറഞ്ഞു. ലഹരി ഉപയോഗം മൂലമുള്ള അക്രമണങ്ങള്‍ നിസ്സഹായതയോടെ കാണേണ്ടിവരുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ പരിഹാരനടപടികള്‍ ആവശ്യപ്പെട്ടു സ്ഥലം ജനപ്രതിനിധി എന്ന നിലയില്‍ ഇവര്‍ മാത്യു കുഴല്‍നാടനെ സമീപിച്ചത്. ഈ അമ്മമാര്‍ക്കോ അവരുടെ കുട്ടികള്‍ക്കോ കുടുംബങ്ങള്‍ക്കോ ഏത് നിമിഷവും ആക്രമിക്കപ്പെടാം എന്ന ഭീതി കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് പ്രദേശത്ത് നിലനില്‍ക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. ലഹരി വില്‍പ്പനയെ എതിര്‍ക്കുന്നവര്‍ക്കും വധഭീഷണിയുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ലഹരി മാഫിയുടെ ആക്രമണത്തില്‍ ഒരു യുവാവിന്റെ ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. മാത്രവുമല്ല ഇവര്‍ സ്‌കൂള്‍ കുട്ടികളെയും കോളേജ് വിദ്യാര്‍ത്ഥിളെയും പ്രലോഭിച്ചും ഭീഷണിപ്പെടുത്തിയും മയക്കുമരുന്നിനും ലഹരി ഉപയോഗത്തിനും വിധേയരാക്കുകയാണ്. ഈ വിഷയത്തില്‍ മന്ത്രി അടിയന്തരമായി ഇടപ്പെടണമെന്ന് എംഎല്‍എ അഭ്യര്‍ത്ഥിച്ചു.

 

Back to top button
error: Content is protected !!