കൊതുകുജന്യ, ജലജന്യരോഗങ്ങള്‍ വര്‍ധിക്കുന്നു

കൊച്ചി: ജില്ലയില്‍ കൊതുകുജന്യ, ജലജന്യ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥര്‍ക്ക് ജില്ലകലക്ടര്‍ ജാഫര്‍ മാലിക്ക് നിര്‍ദേശം നല്‍കി.

ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റൈറ്റിസ് ബി, ഡയറിയ(അതിസാരം) തുടങ്ങിയ രോഗങ്ങള്‍ മൂലം ചികിത്സ തേടുന്നവരുടെ എണ്ണം ജില്ലയില്‍ വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തും ഫലപ്രദമായി നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. ഡ്രൈ ഡേ കര്‍ശനമായി ആചരിക്കണം. ആരോഗ്യ ജാഗ്രതയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വെള്ളിയാഴ്ചയും സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ശനിയാഴ്ചയും വീടുകളില്‍ ഞായറാഴ്ചയും നടത്തുന്ന ഡ്രൈ ഡേ ഊര്‍ജിതമാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. താല്‍ക്കാലിക ഭക്ഷണശാലകളിലും തട്ടുകടകളിലും പരിശോധന കര്‍ശനമാക്കും.

ജില്ലയില്‍ ഈ വര്‍ഷം ഇതു വരെ 1833 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 10 പേര്‍ ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചു. 191 പേര്‍ക്ക് എലിപ്പനിയും 203 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും 50 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് സിയും സ്ഥിരീകരിച്ചു. 14 പേരാണ് എലിപ്പനി ബാധിച്ച്‌ മരിച്ചത്.

കൊച്ചി കോര്‍പറേഷന്‍ പരിധിയിലും തൃക്കാക്കര, കളമശ്ശേരി, ആലുവ മുനിസിപ്പാലിറ്റികളിലുമാണ് ഡെങ്കിപ്പനിയും എലിപ്പനിയും ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജില്ലയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത ഡെങ്കിപ്പനി കേസുകളില്‍ 43 ശതമാനവും കോര്‍പറേഷന്‍ പരിധിയിലാണ്. ഓണ്‍ലൈന്‍ ആയി നടന്ന യോഗത്തില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍(ആരോഗ്യം) ഡോ. വി ജയശ്രീ, ദേശീയ ആരോഗ്യ മിഷന്‍ ജില്ല പ്രോജക്‌ട് ഓഫിസര്‍ ഡോ.സജിത്ത് ബാബു, ജില്ല സര്‍വെയ്ലന്‍സ് ഓഫിസര്‍ ഡോ. ശ്രീദേവി, കോവിഡിതര രോഗങ്ങളുടെ ജില്ല സര്‍വെയ്ലന്‍സ് ഓഫിസര്‍ ഡോ.വിനോദ് പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു.

Back to top button
error: Content is protected !!