ക്വാറിയിലെ കളക്ഷൻ തുകയുമായി വന്ന വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച സംഘത്തിലെ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ

 

മൂവാറ്റുപുഴ :ക്വാറിയിലെ കളക്ഷൻ തുകയുമായി വന്ന വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച സംഘത്തിലെ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ. കോതമംഗലം കോട്ടപ്പടി വടാശ്ശേരി ഭാഗത്ത്‌ മുടവൻകുന്നേൽ വീട്ടിൽ ജെറിൽ ജോർജ് (കുരിയാപ്പി 34) നെയാണ് മൂവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28 ന് രാത്രി മൂവാറ്റുപുഴ കൂത്താട്ടുകുളം റോഡിൽ മാറാടി ഭാഗത്ത്‌ വച്ച് കൂത്താട്ടുകുളം ഭാഗത്തു നിന്ന് പണവുമായി സഞ്ചരിച്ച കാറിനെ രെജിസ്ട്രേഷൻ നമ്പർ ഭാഗികമായി മറച്ചു വെച്ച മറ്റൊരു വാടക കാറിൽ കവര്‍ച്ച സംഘം പിന്തുടർന്ന് വാഹനം വട്ടം വച്ച്‌ ആക്രമിച്ച് പണം തട്ടാൻ ശ്രമിക്കുകയായിരുന്നു. കോട്ടപ്പടി ഭാഗത്ത്‌ ഫുട്ബോൾ കോച്ച് ആയി ജോലി ചെയ്തിരുന്ന ജെറിലിന് 2020 ൽ പാലക്കാട്‌ കോങ്ങാട് സ്റ്റേഷൻ പരിധിയിൽ കാറിൽ യാത്ര ചെയ്തു വന്ന ഡോക്ടരെയും കുടുംബത്തെയും അക്രമിച്ച്‌ 26 ലക്ഷം രൂപ വിലവരുന്ന വജ്രാഭരണങ്ങളും മറ്റു വസ്തുക്കളും കവർച്ച ചെയ്ത കേസുണ്ട്. ആലുവ, കോട്ടപ്പടി എന്നിവിടങ്ങളിലും നിരവധി സമാന കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ആസൂത്രണം നടത്തിയ പ്രതികൾക്കായും അവരെ ഒളിവിൽ താമസിക്കാൻ സൗകര്യം ചെയ്തവരെയും പറ്റിയുള്ള അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും മറ്റു ജില്ലകളിലേക്കും കൂടി പോലീസ് വ്യാപിപ്പിച്ചിട്ടുണ്ട്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി എസ്.മുഹമ്മദ് റിയാസ്, ഇൻസ്‌പെക്ടർ എം.കെ.സജീവ്, എ.എസ്.ഐ രാജേഷ്.സി.എം, ജയകുമാർ.പി.സി, സി.പി.ഒ ബിബിൽ മോഹൻ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Back to top button
error: Content is protected !!