4 ദിവസം മഴ മുന്നറിയിപ്പ്: 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകാന്‍ സാധ്യത. അടുത്ത 4 ദിവസത്തേക്ക് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം ഇന്ന് 13 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ഒഴിച്ചുള്ള ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ വീണ്ടും ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു. വടക്കന്‍ കേരളത്തില്‍ ആയിരിക്കും കൂടുതല്‍ മഴ ലഭിക്കുക. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് വരും ദിവസങ്ങളില്‍ ശക്തി പ്രാപിക്കുമെന്നും മുന്നറിയിപ്പുണ്ട്. മെയ് 29 ന് കാലവര്‍ഷം തുടങ്ങിയതിന് ശേഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് വ്യാഴാഴ്ചയാണ്. കാസര്‍കോട് ജില്ലയിലെ ഉപ്പളയിലാണ് വ്യാഴാഴ്ച കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. അതിനിടെ, സംസ്ഥാനത്ത് വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരദേശ മേഖലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ രാത്രി 11.30 വരെ കേരള തീരത്ത് 3.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (കചഇഛകട) അറിയിപ്പ് നല്‍കി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

 

Back to top button
error: Content is protected !!