ഫുട്പാത്തുകളില്‍ ഉള്‍പ്പെടെയുള്ള കയ്യേറ്റങ്ങളും അനധികൃത കൊടി തോരണങ്ങളും നീക്കംചെയ്യും

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരാതിര്‍ത്തിയിലെ ഫുട്പാത്തുകളില്‍ ഉള്‍പ്പെടെയുള്ള കയ്യേറ്റങ്ങളും അനധികൃത കൊടി തോരണങ്ങളും ബോര്‍ഡുകളും ജനുവരി 15നകം നീക്കംചെയ്യാന്‍ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. കാല്‍നട യാത്രക്കാര്‍ക്കും വാഹന യാത്രികര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള എല്ലാ തടസ്സങ്ങളും നീക്കംചെയ്യും. ഇതിനു മുന്നോടിയായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാപന ഉടമകള്‍ തുടങ്ങിയവര്‍ക്ക് 7 ദിവസത്തിനകം സ്വന്തം ഉത്തരവാദിത്വത്തില്‍ ഇത്തരം വസ്തുക്കള്‍ നീക്കം ചെയ്യാണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കും. ഉടമകള്‍ സ്വമേധയാ ഇതിന് തയ്യാറായില്ലെങ്കില്‍ നഗരസഭ ജീവനക്കാര്‍ ഇവയെല്ലാം നീക്കംചെയ്യും. നഗരസഭ ചെയര്‍മാന്‍, സെക്രട്ടറി, പോലീസ് ഉദ്യോഗസ്ഥര്‍, ദേശീയപാത ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍ തുടങ്ങിയവര്‍ അംഗങ്ങളായ മോണിറ്ററിംഗ് സമിതിയ്ക്കാണ് രൂപം നല്‍കിയത്. ഈ സമിതി തുടര്‍ പ്രവര്‍ത്തനം എന്ന നിലയില്‍ രണ്ടാഴ്ചയിലൊരിക്കല്‍ സ്ഥലപരിശോധന നടത്തി നിയമവിരുദ്ധമായ മുഴുവന്‍ ബോര്‍ഡുകളും കൊടികളും ബാനറുകളും തുടര്‍ന്നും നീക്കംചെയ്യും. പിന്നീട് സ്ഥാപിക്കുവര്‍ക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കും. പുതിയ ബോര്‍ഡുകളും കൊടികളും മറ്റും സ്ഥാപിക്കുന്നില്ലന്ന് ഉറപ്പുവരുത്തും. ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകള്‍ ലംഘിച്ച് ഇത്തരം വസ്തുക്കള്‍ സ്ഥാപിക്കുന്ന പരസ്യ ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ശന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നഗരത്തിലെ ഇത്തരം കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തീരുമാനമായത്. ഇത് സംബന്ധിച്ച് മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. മൂവാറ്റുപുഴ ടൗണിലെ ഫുട്പാത്തിലടക്കം വ്യാപക കൈയേറ്റം കണ്ടെത്തിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഫുട്പാത്തുകള്‍ ഉപയോഗിക്കാനും, വര്‍ക്ഷോപ്പുകള്‍ ഷെഡിന് പുറത്ത് പ്രധാന റോഡുകളിലേക്ക് വാഹനം ഇറക്കിയിട്ട് അറ്റകുറ്റപണികള്‍ നടത്തുന്നതും, വ്യാപാര സ്ഥാപനങ്ങള്‍ ഫുട്പാത്തില്‍ വസ്തുക്കള്‍ ഇറക്കി സൂക്ഷിക്കുന്നതും അനുവദിക്കില്ല.

 

Back to top button
error: Content is protected !!