പായിപ്ര പഞ്ചായത്തിലെ മൊബൈല്‍ ആന്‍റിജന്‍ പരിശോധന മുളവൂരില്‍ ആരംഭിച്ചു.

 

 

മൂവാറ്റുപുഴ : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പായിപ്ര പഞ്ചായത്തിലെ മൊബൈല്‍ ആന്‍റിജന്‍ പരിശോധന മുളവൂരില്‍ ആരംഭിച്ചു. പഞ്ചായത്തിന്‍റെ 22 വാര്‍ഡുകളിലും പരിശോധക്കുള്ള സൗകര്യം ഏര്‍പ്പെടുത്തും. ദിവസവും ഓരോ വാര്‍ഡുകളിലെ രോഗികള്‍ കൂടുതലുള്ള പ്രദേശത്ത് വാഹനം എത്തിച്ചാണ് പരിശോധന നടത്തുന്നതെന്ന് പായിപ്ര പഞ്ചായത്ത് പ്രസിഡന്‍റ് മാത്യൂസ് വര്‍ക്കി പറഞ്ഞു. ബുധനാഴ്ച 220 പേരില്‍ ആന്‍റിജന്‍ പരിശോധന നടത്തിയതില്‍ ഓള്‍ക്ക് മാത്രമാണ് കോവിഡ് പോസിറ്റീവായത്. അതേസമയം വ്യാഴാഴ്ച 203 ഓളം പേരില്‍ പരിശോധന നടത്തിയതില്‍ 28 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശത്താണ് കൂടുതല്‍ പോസിറ്റീവ് കേസുകള്‍. 21 പേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഏഴു പേര്‍ പഞ്ചായത്തിലുള്ളവരും. കോവിഡ് പോസിറ്റീവായ 21 ഇതര സംസ്ഥാന തൊഴിലാളികളെ പായിപ്ര യുപി സ്കൂളിലേക്ക് താമസ സൗകര്യമൊരുക്കി മാറ്റി. ഇവര്‍ക്ക് വേണ്ട ആഹാരവും പഞ്ചായത്ത് അധികൃതര്‍ എത്തിച്ച് നല്‍കും. സാമൂഹിക വ്യാപനം കണ്ടുപിടിക്കാന്‍ ആന്‍റിജന്‍ പരിശോധന സഹായകരമാണെന്ന് മാത്യൂസ് വര്‍ക്കി പറഞ്ഞു. എന്നാല്‍ പരിശോധനയില്‍ പങ്കെടുക്കാതെ വിമുഖത കാട്ടുന്നവരുമുണ്ട്. എല്ലാവരും പരിശോധനയോട് സഹകരിക്കണമെന്നും അതാത് പ്രദേശത്ത് മൊബൈല്‍ ആന്‍റിജന്‍ യൂണിറ്റ് എത്തുമ്പോള്‍ പരിശോധനയ്ക്ക് തയ്യാറാകണമെന്നും സാമൂഹിക വ്യാപനം തടയാന്‍ വഴിയൊരുക്കണമെന്നും പ്രസിഡന്‍റ് ആവശ്യപ്പെട്ടു. പായിപ്ര പഞ്ചായത്തിന്‍റെ 22 വാര്‍ഡുകളിലായി 115ല്‍ അധികം പേരാണ് നിലവില്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.

ഫോട്ടോ …………..
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പായിപ്ര പഞ്ചായത്ത് പ്രസിഡന്‍റ് മാത്യു വര്‍ക്കി ആന്‍റിജന്‍ പരിശോധനയ്ക്ക് വിധേയമായപ്പോള്‍.

Back to top button
error: Content is protected !!