എംഎല്‍എയുടെ ഓഫീസ് അക്രമിച്ചവരെ ഉടന്‍ പിടികൂടി നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്ക്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.  

 

 

 

മൂവാറ്റുപുഴ : മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഓഫീസ് അക്രമിച്ചവരെ ഉടന്‍ പിടികൂടി നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്ക്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കഴിഞ്ഞ ദിവസം സിപിഎം പ്രകടനത്തിനിടെ എംഎല്‍എയുടെ ഓഫീസിനു നേരെ പടക്കം എറിയുകയും ചെടിച്ചട്ടികളും ബോര്‍ഡുകളും തകര്‍ക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന് ഓഫീസ് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു പ്രതിപക്ഷ നേതാവ്. അക്രമത്തിലേയ്ക്കു പോകാതിരിക്കാന്‍ പ്രവര്‍ത്തകരോട് സംയമനം പാലിക്കാന്‍ സിപിഎം നേതൃത്വം ആവശ്യപ്പെടണം. നാടന്‍ ബോംബ് എറിഞ്ഞ ക്രിമിനലുകളെ അഴിഞ്ഞാന്‍ പാര്‍ട്ടി നേതൃത്വം അവസരം നല്‍കുകയാണ്. ധീരജിന്‍റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള യാത്രയ്ക്കിടെ സംസ്ഥാനത്ത് വ്യാപകമായ ആക്രമണമാണ് സിപിഎം നടത്തിയത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളില്‍ നിരവധിപേര്‍ ജയിലില്‍ നിന്നും പരോളില്‍ ഇറങ്ങിയിട്ടുണ്ട്. ഇവരാണ് അക്രമത്തിന് പിന്നിലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സിപിഎം ഗുഢായിസം അവസാനിപ്പിച്ചിട്ടില്ല. ഇതിനെ കോണ്‍ഗ്രസ് കൈയ്യുകെട്ടി നോക്കിനില്‍ക്കില്ല. കോണ്‍ഗ്രസിന്‍റെ ഒരു കൊടിമരം തകര്‍ത്താല്‍ സിപിഎമ്മിന്‍റെ അഞ്ച് കൊടിമരങ്ങള്‍ തകര്‍ക്കാനുള്ള ശേഷി കോണ്‍ഗ്രസിനുണ്ട്. ഭരണപരമായ വീഴ്ച്ചയില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് സിപിഎം അക്രമണങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രിയും പാര്‍ട്ടിയും സ്വന്തം അണികളോട് ആയുധം താഴെവയ്ക്കാന്‍ പറയണം. മാത്യു കുഴല്‍ നാടന്‍ എം.എല്‍എയുടെ ആഫീസ് ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Back to top button
error: Content is protected !!