ലൈഫ് മിഷന്‍ പദ്ധതിയില്‍ ധനസഹായം 6 ലക്ഷമായി ഉയര്‍ത്തണം: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ

പെരുമ്പാവൂര്‍ : ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍ധനരായവര്‍ക്ക് ഭവന നിര്‍മ്മാണത്തിന് അനുവദിക്കുന്ന ധനസഹായം 6 ലക്ഷം രൂപയായി വര്‍ധിപ്പിക്കണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ആവശ്യപ്പെട്ടു. സാധന സാമഗ്രികള്‍ക്ക് വില കുത്തനെ ഉയര്‍ന്നതിനാല്‍ ഇപ്പോള്‍ അനുവദിക്കുന്ന 4 ലക്ഷം രൂപ അപര്യാപ്തമാണ്. ഈ തുക കൊണ്ട് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ പല കുടുംബങ്ങളും പലിശക്ക് പണം എടുത്തു കടക്കെണിയിലായ അവസ്ഥയിലാണെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി.

കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിനിടെ നിര്‍മ്മാണ സാമഗ്രികളുടെ വിലയും ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം മൂലമാണ് വില വര്‍ധിപ്പിക്കുന്നത്. അസംസ്‌കൃത വസ്തുക്കള്‍ക്ക് 45 ശതമാനത്തോളം വില വര്‍ധിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഈ വിഷയത്തിലും സര്‍ക്കാര്‍ അടിയന്തിരമായി ഇടപ്പെടണം. നിര്‍മ്മാണത്തിന് അത്യന്താപേഷിതമായ സിമന്റിനും കമ്പിക്കും വന്‍ തോതില്‍ വില വര്‍ദ്ധിച്ചു. മണല്‍, മെറ്റല്‍ എന്നിവക്കും ജി.ഐ പൈപ്പുകള്‍ക്കും വില കൂടി. ഇലക്ട്രിക്കല്‍, പ്ലമ്മിംഗ് സാധനങ്ങള്‍ക്ക് കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ഇരട്ടിയോളമണ് ഇപ്പോള്‍ വില. ഈ സാഹചര്യത്തിലാണ് എംഎല്‍എ സാധാരണ കുടുംബങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ ധനസഹായം വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കിയത്.

 

Back to top button
error: Content is protected !!