അധികൃതരുടെ അനാസ്ഥ: പൈങ്ങോട്ടൂര്‍ കുടിവെള്ള പദ്ധതിയും അവതാളത്തില്‍

മൂവാറ്റുപുഴ: അധികൃതരുടെ അനാസ്ഥ മൂലം 2016 17 ലെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പൈങ്ങോട്ടൂര്‍ കുടിവെള്ള പദ്ധതി അവതാളത്തിലാകുന്നു. മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം മുന്‍കൈയെടുത്ത് ബജറ്റില്‍ 23 കോടി രൂപ അനുവദിച്ച് ആവിഷ്‌കരിച്ച പദ്ധതിക്കായി വിശദമായ പദ്ധതി രേഖ തയ്യാറാക്കിയപ്പോള്‍ പദ്ധതി ചിലവ് 28.82 കോടി രൂപയായി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് 2019 ല്‍ കിഫ്ബിയില്‍ നിന്ന് 28.82 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചെങ്കിലും നാളിതുവരെ വര്‍ക്ക് ടെണ്ടര്‍ ചെയ്ത് നല്‍കാനായിട്ടില്ല. പലവട്ടം ടെണ്ടര്‍ ചെയ്തിട്ടും തുക അപര്യാപ്തമാണ് എന്ന കാരണത്താല്‍ ടെന്‍ഡറില്‍ നിന്ന് കരാറുകാര്‍ വിട്ട് നില്‍ക്കുകയാണുണ്ടായത്. തുടര്‍ന്ന് അടുത്തിടെ വീണ്ടും നടത്തിയ ടെന്‍ഡറില്‍ ഒരു കരാറുകാരന്‍ പങ്കെടുക്കുകയും വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ പദ്ധതിച്ചിലവ് വര്‍ദ്ധിച്ചത് മൂലം എസ്റ്റിമേറ്റില്‍ നിന്നും അധികത്തുക കൂടി ചേര്‍ത്ത് ടെണ്ടര്‍ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ജലവിഭവ വകുപ്പ് ഇതുവരെ ഈ ടെന്‍ഡറില്‍ തീരുമാനമെടുക്കാതെ മൗനത്തിലാണ്. വീണ്ടും ടെണ്ടറിനുള്ള ഒരുക്കത്തിലാണെന്നും സൂചനയുണ്ട്. പഴയ എസ്റ്റിമേറ്റ് പ്രകാരം വീണ്ടും ടെന്‍ഡര്‍ നടത്തിയാലും കരാറുകാര്‍ ടെന്‍ഡറില്‍ പങ്കെടുക്കാനുള്ള സാധ്യത വിരളമാണ്. ഇതോടെ പദ്ധതി അകാല ചരമം അടയാനുള്ള സാധ്യതയും ഉണ്ട്. ജലജീവന്‍ പദ്ധതിയിലൂടെയും, കക്കടാശേരി- ഞാറക്കാട് റോഡ് പ്രവൃത്തിയുടെ ഭാഗമായും 15 കോടിയിലധികം രൂപയുടെ പ്രവൃത്തി ഇതിന് പുറമേ ജലവിതരണത്തിനായി നടപ്പാക്കുന്നുണ്ട്. ഇതും, കിഫ്ബി വര്‍ക്കിന്റെ എസ്റ്റിമേറ്റും ചേര്‍ത്ത് കണക്കാക്കുമ്പോള്‍ 43 കോടിയിലധികം രൂപയുടെ ജലവിതരണ പദ്ധതിയായി പൈങ്ങോട്ടൂര്‍ മാറും. പദ്ധതി നഷ്ടപ്പെടാതെ വേഗത്തില്‍ നടപ്പിലാക്കാന്‍ ഇടുക്കി എം. പി യും, മൂവാറ്റുപുഴ എം. എല്‍. എയും താമസിക്കുന്ന ഗ്രാമപഞ്ചായത്തായിട്ടും ഇവരും ചെറുവിരല്‍ അനക്കുന്നില്ലെന്ന പരാതി നാട്ടുകാരുടെ ഇടയിലുണ്ട്. കിണര്‍, പമ്പ് ഹൗസ്, ശുദ്ധീകരണ ശാല, രണ്ട് സംഭരണി എന്നിവയ്ക്കായി 20 കോടി രൂപയുടേയും, മറ്റ് രണ്ട് സംഭരണികള്‍, വിതരണ പൈപ്പുകള്‍ എന്നിവ സ്ഥാപിക്കുന്നതിനായി 8 കോടി രൂപയുടേയും കിഫ്ബി പദ്ധതിയില്‍ കരാറാണ് ക്ഷണിച്ചത്. കാളിയാര്‍ പുഴയുടെ തീരത്ത് പനങ്കര കാവുംകഴത്തില്‍ കിണറും പമ്പുഹൗസും 50 എച്ച്.പി മോട്ടോറും സ്ഥാപിച്ച് പൊതകുളത്തെ പതിരിപ്പാറയിലെ 50 സെന്റ് സ്ഥലത്ത് സ്ഥാപിക്കുന്ന 40 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ശുചീകരണ പ്ലാന്റിലേയ്ക്ക് വെള്ളം പമ്പു ചെയ്ത് ശുചീകരിച്ച ശേഷം വെട്ടിക്കലോലിയില്‍ സ്ഥാപിക്കുന്ന 4.75 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിലേയ്ക്കും, കുളപ്പുറത്ത് സ്ഥാപിക്കുന്ന 4.5 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിലേയ്ക്കും, ചാത്തമറ്റത്ത് സ്ഥാപിക്കുന്ന 2.95 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിലേയ്ക്കും വെള്ളമെത്തിച്ച് വിതരണം ചെയ്യുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രധാന റോഡുകളിലും ഇടറോഡുകളിലും പൈപ്പുകള്‍ സ്ഥാപിക്കുന്ന പണികള്‍ പൂര്‍ത്തിയായി വരുന്നുണ്ട്. എന്നാല്‍ കിഫ്ബി പദ്ധതി പൂര്‍ത്തിയാവാതെ പുതിയതായി സ്ഥാപിച്ച പൈപ്പുകള്‍ കൊണ്ട് ഒരു പ്രയോജനവും ഉണ്ടാവില്ല .

Back to top button
error: Content is protected !!