ഓരോ അഞ്ചു വർഷത്തിലും സംസ്ഥാനത്ത് സർക്കാർ മാറുന്ന രീതിക്ക് അറുതിയാവുകയാണെന്ന് മന്ത്രി കെ.ടി. ജലീൽ.

 

മൂവാറ്റുപുഴ : ഓരോ അഞ്ചു വർഷത്തിലും സംസ്ഥാനത്ത് സർക്കാർ മാറുന്ന രീതിക്ക് അറുതിയാവുകയാണെന്ന് മന്ത്രി കെ.ടി. ജലീൽ. ഭരണ തുടർച്ച ഉറപ്പാക്കുന്നതാണ് വിവിധ കേന്ദ്രങ്ങളിൽ നിന്ന് പുറത്ത് വരുന്ന സൂചനകളെന്നും മന്ത്രി കൂട്ടിച്ചേർത്തു. സിപിഎം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ നാലര വർഷത്തെ ഇടതുഭരണം ജനങ്ങൾക്കിടയിലുണ്ടാക്കിയ മതിപ്പാണ് ഇടതുമുന്നണിയെ തുടർ ഭരണത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഒട്ടേറെ പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്ന് പോയിട്ടും വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ കുറവുണ്ടായില്ല. ജനങ്ങളുടെ ജീവിത ദുരിതം പരിഹരിക്കുന്നതിന് ക്രിയാത്മക ഇടപെടലുകൾ ഇടതു സർക്കാർ നടത്തിയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പിടിച്ചുലച്ച ഓഖി, നിപ്പ, മഹാപ്രളയം, കോവിഡ് തുടങ്ങിയ ദുരന്തനിമിഷങ്ങളിൽ ജനങ്ങൾക്ക് താങ്ങാകാൻ സർക്കാരിന് കഴിഞ്ഞു. ഭരണശേഷിയിൽ ഭരണ സൗകര്യങ്ങളുടെ വ്യാപനവും പ്രയോജനപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത്. ക്ഷേമ പെൻഷൻ 600 ൽ നിന്ന് 1600 ആയി വർധിപ്പിച്ചു. 60 ലക്ഷം വയോധികർക്കാണ് പെൻഷന്‍റെ പ്രയോജനം ലഭിക്കുന്നത്. ദുരിതകാലത്ത് 90 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷണകിറ്റ് ലഭ്യമാക്കി. ഇപ്പോഴും ഇത് തുടരുന്നു. ക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം വിട്ടുവീഴ്ചയില്ലാതെ നാടിന്‍റെ വികസനവും സാധ്യമാക്കി. വിദ്യാലയങ്ങൾ, റോഡുകൾ, ആശുപത്രികൾ, ഭവനനിർമാണം തുടങ്ങി ഒട്ടേറെ മേഖലകളിൽ സമാനതകളില്ലാത്ത വികസനം സാധ്യമാക്കി. നേരത്തെ ചില പ്രദേശങ്ങളിൽ മാത്രമായി വികസനം ചുരുങ്ങിയെങ്കിൽ ഇടതുസർക്കാർ സാർവത്രിക വികസന പ്രവർത്തനമാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ഒരിക്കലും നടപ്പാകിലെന്ന് കരുതിയ വൻ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ സർക്കാരിനായി. രാജ്യത്തിന്‍റെ മതനിരപേക്ഷ സ്വഭാവം ഉയർത്തിപ്പിടിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതു വിദ്യാഭ്യാസ മേഖലയിൽ സമഗ്ര വികസനം നടപ്പാക്കിയത്. ജാതി, മത അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്കൂളുകളിൽ പഠനം നടത്തുന്ന കുട്ടികളിൽ സങ്കുചിത മനോഭാവം വളരും. അതിരുകളില്ലാത്ത സൗഹൃദത്തിന്‍റെ ലോകമാണ് കുട്ടികൾക്ക് തുറന്നു നൽകേണ്ടത്. നാടിന്‍റെ പരിഛേദം കുട്ടികൾക്ക് അന്യമാകാതിരിക്കാനാണ് സർക്കാർ സ്കൂളുകൾ ഹൈടെക് ആക്കിയതെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യസ്വയം പര്യാപ്ത ലക്ഷ്യമിട്ട് തരിശ് രഹിത പദ്ധതി ആരംഭിച്ചു. ഇതുവഴി പച്ചക്കറികളുടേയും നെല്ലിന്‍റെയും കിഴങ്ങു വർഗങ്ങളുടേയും ഉൽപാദനം ഗണ്യമായി വർധിപ്പിക്കാനായി. കാർഷിക ഉൽപന്നങ്ങൾക്ക് താങ്ങുവില നിശ്ചയിച്ചത് കർഷകർക്കും ഗുണകരമായി. വൈദ്യുതി വിതരണ രംഗത്തും ഏറെ മുന്നോട്ട് പോകാനായി. അനാവശ്യ പ്രതിഷേധങ്ങൾക്ക് മുന്നിൽ വിറങ്ങലിച്ച് നിൽക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകാതിരുന്നതാണ് നേട്ടങ്ങൾക്ക് കാരണമായതെന്നും സംസ്ഥാനത്ത് സമാന അന്തരീക്ഷം വേണമെന്ന തോന്നൽ ജനങ്ങൾക്കിടയിൽ ഉണ്ടെന്നും ഇത് തുടർഭരണ സാധ്യത ഉറപ്പു വരുത്തുന്നതാണെന്നും മന്ത്രി ജലീൽ കൂട്ടിച്ചേർത്തു. യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.എം. ഇസ്മയിൽ അധ്യക്ഷതവഹിച്ചു. ഏരിയാ സെക്രട്ടറി എം.ആർ. പ്രഭാകരൻ, ഏരിയാ കമ്മിറ്റിയംഗം എം.എ. സഹീർ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ………………
സിപിഎം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ മന്ത്രി കെ.ടി. ജലീൽ പ്രസംഗിക്കുന്നു.

Back to top button
error: Content is protected !!