മഹാത്മാഗാന്ധി സർവ്വകലാശാല ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് ഏകജാലക ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

 

മൂവാറ്റുപുഴ: മഹാത്മാഗാന്ധി സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് ഏകജാലക ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. www.cap.mgu.ac.in എന്ന വെബ്സൈറ്റിലെ ‘പി.ജി. ക്യാപ് 2020’ എന്ന ലിങ്കിലൂടെയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.
മാനേജ്മെന്റ്, കമ്മ്യൂണിറ്റി സീറ്റുകളിലേക്കും ലക്ഷദ്വീപ് നിവാസികൾക്ക് സംവരണം ചെയ്ത സീറ്റുകളിലേക്കും അപേക്ഷിക്കുന്നവർ ഏകജാലക ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയശേഷം അപേക്ഷ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ അപേക്ഷയ്ക്കൊപ്പം നൽകണം. ഏകജാലക രജിസ്ട്രേഷൻ നടത്താത്തവർക്ക് മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കാനാകില്ല.
ഭിന്നശേഷി, സ്പോർട്സ്, കൾച്ചറൽ ക്വാട്ട സീറ്റുകളിലേക്കും ഓൺലൈനായി അപേക്ഷിക്കണം. പ്രൊവിഷണൽ റാങ്ക് പട്ടിക സർവകലാശാല പ്രസിദ്ധീകരിക്കും. രേഖകളുടെ പരിശോധന അതതു കോളജുകളിൽ ഓൺലൈനായി നടക്കും.
കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവേശനം പൂർണമായും ഓൺലെനിലാണ് നടക്കുക. സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ്, ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷയോടൊപ്പം അപ് ലോഡ്‌ ചെയ്യണം. വെബ്സൈറ്റിൽ നൽകിയിട്ടുള്ള പ്രോസ്പെക്ടസ് വായിച്ചശേഷം അപേക്ഷ നൽകുക. സംവരണാനുകൂല്യത്തിനായി പ്രോസ്പെക്ടസിൽ നിർദ്ദേശിക്കുന്ന സാക്ഷ്യപത്രങ്ങൾ തന്നെയാണ് അപ്ലോഡ്‌ ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കണം. നിർദ്ദിഷ്ട സാക്ഷ്യപത്രങ്ങൾക്കു പകരം മറ്റുള്ളവ അപ് ലോഡ്‌ ചെയ്താൽ പ്രവേശനം റദ്ദാക്കപ്പെടാം.

അപ് ലോഡ് ചെയ്യേണ്ട സാക്ഷ്യപത്രങ്ങൾ
——————————————————-
എസ്.സി./എസ്.ടി. സംവരണാനുകൂല്യം- ജാതി സർട്ടിഫിക്കറ്റ്

എസ്.ഇ.ബി.സി./ഒ.ഇ.സി. സംവരണാനുകൂല്യം- ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് (ഒറ്റ ഫയലായി) അല്ലെങ്കിൽ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ്

ഇ.ഡബ്ല്യൂ.എസ്.- ഇൻകം ആൻഡ് അസറ്റ്സ് സർട്ടിഫിക്കറ്റ്

എൻ.സി.സി./എൻ.എസ്.എസ്. ബോണസ് മാർക്കിന്- ബിരുദതലത്തിലെ സാക്ഷ്യപത്രം

വിമുക്തഭടൻ/ജവാൻ ആശ്രിതർക്കുള്ള ബോണസ് മാർക്കിന്- ജില്ലാ സൈനിക ക്ഷേമ ഓഫീസിൽനിന്നുള്ള സാക്ഷ്യപത്രം (കര/നാവിക/വ്യോമ സേന വിഭാഗം മാത്രം)

സംവരണാനുകൂല്യം ആവശ്യമില്ലാത്ത പിന്നാക്ക വിഭാഗത്തിൽപ്പെടുന്നവർക്ക് പൊതുവിഭാഗം സെലക്ട് ചെയ്യുകയോ വരുമാനം എട്ടു ലക്ഷം രൂപയിൽ കൂടുതലായി നൽകിയ ശേഷം സംവരണം ആവശ്യമില്ലെന്ന ഓപ്ഷൻ തെരഞ്ഞെടുക്കുകയോ ചെയ്യാം.

എസ്.സി./എസ്.ടി. വിഭാഗത്തിന് 725 രൂപയും മറ്റുള്ളവർക്ക് 1250 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. വിശദവിവരം വെബ്സൈറ്റിൽ ലഭിക്കും. ഓൺലൈൻ അപേക്ഷയ്ക്കുള്ള അവസാനതീയതി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ അക്ഷയകേന്ദ്രങ്ങളെയും മറ്റും ആശ്രയിക്കുന്നവർ തിരക്ക് ഒഴിവാക്കി സാമൂഹിക അകലം പാലിച്ച് ഓൺലൈൻ രജിസ്ട്രേഷൻ നടത്താൻ ശ്രദ്ധിക്കണം.

Back to top button
error: Content is protected !!