മേതലയിൽ പുതിയ കനാൽ പാലം നിർമ്മാണം ആരംഭിച്ചു.

 

പെരുമ്പാവൂർ : അശമന്നൂർ പഞ്ചായത്തിൽ പെരിയാർ വാലി ഹൈ ലെവൽ കനാലിന് കുറുകെ മേതല ഭാഗത്ത് നിർമ്മിക്കുന്ന പാലത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിർമ്മാണോദ്‌ഘാടനം നിർവഹിച്ചു.

അശമന്നൂർ പഞ്ചായത്തിലെ ഒൻപത്, പതിനൊന്ന്, പന്ത്രണ്ട് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനാന്ന് പാലം നിർമ്മിക്കുന്നത്. 12.50 മീറ്റർ നീളത്തിൽ 4.5 മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കുന്നത്. 7 മീറ്റർ ഉയരത്തിൽ കെട്ടിയെടുത്തിന് മുകളിലാണ് സ്പാൻ നിർമ്മിക്കുന്നത്. നാല് മാസങ്ങൾ കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

എംഎൽഎ യുടെ കഴിഞ്ഞ വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. പെരിയാർ വാലി ജലസേചന പദ്ധതിക്കാണ് നിർമ്മാണ ചുമതല.

ഓടക്കാലി, പഞ്ചായത്ത് കാര്യാലയം എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ പോകുന്നതിന് പുതിയ പാലം സഹായിക്കും. നിലവിൽ ഇവിടെ ഒരു സൂപ്പർ പാസ് മാത്രമാണ് ഉള്ളത്. കാലാകാലങ്ങളായി ഇതിലൂടെ ജനങ്ങൾ മറുവശത്തിലേക്ക് കടന്നിരുന്നത്. വാഹനങ്ങൾക്ക് കടക്കണമെങ്കിൽ ഒരു കിലോമീറ്റർ ദൂരം കൂടുതൽ സഞ്ചരിക്കേണ്ടി വരും. പ്രദേശത്തെ നാനുറോളം കുടുംബങ്ങൾക്ക് പദ്ധതി ഗുണകരമാണ്. ഒൻപത്, പന്ത്രണ്ട് വാർഡുകളിലെ ജനങ്ങൾക്ക് കല്ലിൽ ഗുഹ ക്ഷേത്രത്തിലേക്ക് പോകുന്നതിനും പുതിയ പാലം സഹായകരമാണ്.

പഞ്ചായത്ത് പ്രസിഡന്റ് എൻ.എം സലിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബേസിൽ പോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.പി വർഗീസ്, പ്രീത സുകു, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ബെസി, അമ്പിളി രാജൻ, പി.എസ് രാജൻ, പെരിയർവാലി അസി. എൻജിനിയർ രമണി കെ.എസ്, കെ. പി. ഗോപിനാഥ മാരാർ, എം.ജി ദാസ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ : പെരിയാർ വാലി ഹൈ ലെവൽ കനാലിന് കുറുകെ മേതല ഭാഗത്ത് നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്‌ഘാടനം എൽദോസ് കുന്നപ്പള്ളി എംഎൽഎ നിർവഹിക്കുന്നു

Back to top button
error: Content is protected !!