മേക്കടമ്പ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയ്ക്ക് 18 ലക്ഷം രൂപ അനുവദിച്ചു.

 

മൂവാറ്റുപുഴ: വാളകം ഗ്രാമപഞ്ചായത്തിലെ മേക്കടമ്പ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയ്ക്ക് പുതിയ പമ്പ് സെറ്റും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനായി 18 ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. കാര്‍ഷീക മേഖലയില്‍ സ്വയം പര്യാപ്തത ലക്ഷ്യമാക്കിയും കാര്‍ഷീക രംഗത്തേയ്ക്ക് യുവതലമുറയെ ആകര്‍ഷിക്കുന്നതിനും പുതിയൊരു കാര്‍ഷീക സംസ്‌കൃതിയിലേയ്ക്ക് മൂവാറ്റുപുഴയെ കൈപിടിച്ചുയര്‍ത്തുന്നതിനുമായി എല്‍ദോ എബ്രഹാം എം.എല്‍.എ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന തരിശ് രഹിത മൂവാറ്റുപുഴ പദ്ധതിയുടെ ഭാഗമായിട്ടാണ് കാര്‍ഷീക മേഖലയായ വാളകം ഗ്രാമപഞ്ചായത്തിലെ മേക്കടമ്പ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയ്ക്ക് പമ്പ് സെറ്റും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 18 ലക്ഷം രൂപ അനുവദിച്ചത്. മൂവാറ്റുപുഴയാറിലെ ഗണപതി കടവില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് പഞ്ചായത്തിലെ എട്ട്, ഒമ്പത്, പത്ത്, പതിനൊന്ന് വാര്‍ഡുകളില്‍ കനാല്‍ വഴി ജലവിതരണം നടത്തുന്നതാണ് മേക്കടമ്പ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി. വേനല്‍ കാലത്ത് കൃഷിയ്ക്കും കുടിവെള്ളത്തിനുമായി അനേകായിരങ്ങള്‍ പദ്ധതിയെയാണ് ആശ്രയിക്കുന്നത്. നിലവില്‍ 60-എച്ച്.പിയുടെ ഒരു മോട്ടറാണ് പദ്ധതിക്കുള്ളത്. ഈ മോട്ടര്‍ പണിമുടക്കിയാല്‍ പമ്പിംഗ് മുടങ്ങുന്ന അവസ്ഥയാണ്. പദ്ധതിക്ക് പുതിയ പമ്പ് സെറ്റ് വാങ്ങണമെന്നാവശ്യപ്പെട്ട് പദ്ധതി പ്രദേശത്തെ ജനപ്രതിനിധികളായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു വെളിയത്ത്, മെമ്പര്‍മാരായ പി.എം.മദനനും, സീമ അശോകന്‍ എന്നിവരുടെ നേതൃത്വത്തില്‍ നേരത്തെ എല്‍ദോ എബ്രഹാം എം.എല്‍.എക്ക് നിവേദനം നല്‍കിയിരുന്നു. പദ്ധതിക്കായി പുതിയ 60 എച്ച്.പിയുടെ മോട്ടറും അനുബന്ധ ഉപകരണങ്ങളുമാണ് സ്ഥാപിക്കുന്നത്. ഇതോടെ പദ്ധതിക്കായി രണ്ട് മോട്ടറുകള്‍ പ്രവര്‍ത്തന സജ്ജമാകും. വേനല്‍കാലത്ത് കനാലിലൂടെ വെള്ളം പമ്പ് ചെയ്യുന്നതോടെ പ്രദേശത്തെ ഹെക്ടറ് കണക്കിന്  സ്ഥലത്തെ നെല്ല്, വാഴ, തെങ്ങ്, കവുങ്ങ്, ജാതി, പച്ചക്കറി കൃഷികള്‍ക്ക് ഉപയോഗിക്കുന്നതിനും കനാല്‍ കടന്ന് പോകുന്ന പ്രദേശത്തെ കിണറുകളില്‍ നീരുറവയ്ക്കും പദ്ധതിയാഥാര്‍ത്ഥ്യമാകുന്നതോടെ സാധിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി പദ്ധതി എത്രയും വേഗം ഉദ്ഘാടനം ചെയ്യുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു……..
Back to top button
error: Content is protected !!