പായിപ്ര ഗ്രാമപഞ്ചായത്തില്‍ മെഗാ വാക്‌സിനേഷന്‍ ആരംഭിച്ചു;

 

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തില്‍ കോവിഡ് 19 മെഗാ വാക്‌സിനേഷന്‍ ആരംഭിച്ചു. ജനസംഖ്യാ അനുപാദത്തില്‍ വാക്‌സിന്‍ നല്‍കണമെന്ന പഞ്ചായത്ത് ഭരണ സമിതിയുടെ നിരന്തര ആവശ്യത്തിന്റെ ഭാഗമായാണ് മെഗാ വാക്‌സിനേഷന് ആവശ്യമായ വാക്‌സിന്‍ പ്രത്യേകമായി പഞ്ചായത്തിന് ലഭിച്ചത്.

നിലവില്‍ 60 വയസ് കഴിഞ്ഞവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ദിവസവും ഒരു വാര്‍ഡില്‍ നിന്നും 25 പേര്‍ക്ക് വീതം വാക്‌സിനേഷനാണ് ക്യാമ്പില്‍ നല്‍കുന്നത്. തൃക്കളത്തൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് മാത്യുസ് വര്‍ക്കി ഉദ്ഘാടനം ചെയ്തു.

മറ്റ് പഞ്ചായത്തുകളെ അപേക്ഷിച്ച് പായിപ്ര പഞ്ചായത്തില്‍ ജനസംഖ്യ കൂടുതലാണ്. ജനസംഖ്യ കുറഞ്ഞ പഞ്ചായത്തിന് നല്‍കുന്ന അനുപാതത്തില്‍ വാക്‌സിന്‍ നല്‍കിയാല്‍ പായിപ്ര പഞ്ചായത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കൂടുതല്‍ സമയം വേണം. ഇത് രോഗ വ്യാപനത്തിന് കാരണമാകും. വാകസിന്‍ ആദ്യ ഡോസ് എത്രയും വേഗം ജനങ്ങള്‍ക്ക് നല്‍കുക എന്ന പഞ്ചാത്ത് പ്രസിഡന്റിന്റെ നിരന്തര സമ്മര്‍ദത്തിന്റെ ഫലമായാണ് വാകസിന്‍ പ്രത്യേകമായി പഞ്ചായത്തിന് ലഭിച്ചത്.

മെഗാ വാക്‌സിനേഷന്റെ അനുമതിക്കായി ഭരണ സമിതിക്ക് ഒപ്പം നിന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മാത്യുസ് വര്‍ക്കി നന്ദി അറിയിച്ചു. കോവിഡ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ ആളെക്കൂട്ടി രോഗവ്യാപനത്തിന് ഇടവെയ്ക്കാതെ രോഗ ലക്ഷണമുള്ളവരെ മാത്രം ടെസ്റ്റ് ചെയ്യുന്ന രീതിയാണ് പഞ്ചായത്ത് നടത്തി വരുന്നത്. റ്റിപിആര്‍ മാത്രം നോക്കി അശാസ്ത്രീയമായ രീതിയില്‍ പഞ്ചായത്തിനെ കണ്ടയ്ന്‍മെന്റ് സോണാക്കുന്ന നടപടിയെ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങളും ജനങ്ങളും ബുദ്ധിമുട്ടനുഭവിക്കുന്നു. തെറ്റായ തീരുമാനങ്ങള്‍ പിന്‍വലിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉന്നത വൃത്തങ്ങള്‍ എടുക്കണമെന്നും മാത്യൂസ് വര്‍ക്കി പറഞ്ഞു.

സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഇ നാസര്‍, എംസി വിനയന്‍, പഞ്ചായത്ത് അംഗങ്ങള്‍ എംഎസ് അലി, പിഎം അസീസ്, ഷാഫി മുതിരക്കാല, ഇഎം ഷാജി, സക്കീര്‍ ഹുസൈന്‍, എംഎ നൗഷാദ്, ജലാലുദീന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ കൃഷ്ണപ്രിയ, പ്രിന്‍സ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Back to top button
error: Content is protected !!