ദിശ’ അവലോകന യോഗം ചേർന്നു 

 

എറണാകുളം ജില്ലയിൽ നടപ്പാക്കുന്ന വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ വികസന കോ- ഓർഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ യോഗം ചേർന്നു. ജില്ലാ വികസന കാര്യ കമ്മിഷണർ(ഡി. ഡി. സി )എ. ഷിബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകൾ ഏറ്റെടുക്കുന്ന വകുപ്പുകൾ സമയ ബന്ധിതമായി പൂർത്തിയാക്കണമെന്ന് ഡി. ഡി. സി പറഞ്ഞു.

 

കൊച്ചി സ്മാർട്ട്‌ മിഷൻ പദ്ധതിയുടെ ഭാഗമായി 484.17 കോടി രൂപയുടെ പദ്ധതികൾ ആണ് പുരോഗമിക്കുന്നത്. എറണാകുളം നഗരത്തിലും പശ്ചിമ കൊച്ചിയിലുമായി സ്മാർട്ട്‌ റോഡുകൾ, ഫോർട്ട്‌ കൊച്ചിയിലെ വിവിധ റോഡുകൾ, കൊച്ചി താലൂക്ക് ആശുപത്രിയിലും മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലുമുള്ള നവീകരണ പ്രവർത്തനങ്ങൾ, എറണാകുളം മാർക്കറ്റ് നവീകരണവും പുനർ വികസന പുനരുദ്ധാരണവും തുടങ്ങി 30 ഓളം പ്രവർത്തനങ്ങൾ ആണ് സ്മാർട്ട്‌ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. ഇതിനു പുറമെ വിവിധ വകുപ്പുകളുമായി ചേർന്ന് ഭവന പദ്ധതികൾ, കനാൽ പുനരുദ്ധാരണം തുടങ്ങിയ പ്രവർത്തനങ്ങളും നടന്നു വരികയാണ്.

 

കൊച്ചി കോർപറേഷൻ പരിധിയിൽ 2096 വഴിയോര കച്ചവടക്കാർക്കും ഏലൂർ നഗരസഭയിൽ 23 കച്ചവടക്കാർക്കും കോതമംഗലം നഗരസഭയിൽ 92 കച്ചവടക്കാർക്കും കൂത്താട്ടുകുളം നഗരസഭയിൽ 82 കച്ചവടക്കാർക്കും മുവാറ്റുപുഴ നഗരസഭയിൽ 115 കച്ചവടക്കാർക്കും നോർത്ത് പറവൂർ നഗരസഭയിൽ 104 കച്ചവടക്കാർക്കും പെരുമ്പാവൂർ നഗരസഭയിൽ 121 കച്ചവടക്കാർക്കും പിറവം നഗരസഭയിൽ 142 കച്ചവടക്കാർക്കും തൃപ്പൂണിത്തുറ നഗരസഭയിൽ 247 കച്ചവടക്കാർക്കും ലൈസൻസ് നൽകിയിട്ടുണ്ട്.

 

മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജില്ലയിൽ ഈ സാമ്പത്തിക വർഷത്തിൽ 856 പ്രവൃത്തികൾ ആണ് ഏറ്റെടുത്തിട്ടുള്ളത്. 9.47 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചിട്ടുള്ളത്. 1,93,866 തൊഴിൽ ദിനങ്ങൾ ആണ് ജില്ലയിൽ മെയ്‌ വരെ നൽകിയിട്ടുള്ളത്.

 

അമൃത് സരോവർ പദ്ധതിയുടെ ഭാഗമായി കൂവപ്പടി, വടവുകോട് പഞ്ചായത്തുകളിൽ കുളം നിർമിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. വാഴക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിൽ അഞ്ചു സ്ഥലങ്ങളും കുളം നിർമാണത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലെ പരിശോധന ജൂണിൽ തന്നെ പൂർത്തിയാക്കും. ഗ്രാമീണ മേഖലകളിൽ ജല ലഭ്യത ഉറപ്പാക്കുന്നതിനായാണ് അമൃത് സരോവർ പദ്ധതി നടപ്പാക്കുന്നത്.

 

ജില്ലയിലെ 14 സി. ഡി. എസുകളെ മാതൃക സി ഡി. എസുകൾ ആക്കി മാറ്റുന്നതിനായി 4.64 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ജില്ലയിലെ 14 സി. ഡി. എസ് ഓഫീസുകളുടെ നവീകരണവും പൂ

ർത്തിയായിട്ടുണ്ട്.

 

ജില്ലയിലെ ഡിജിറ്റൽ സർവ്വേ പദ്ധതിയുടെ ഭാഗമായി 67 വില്ലേജുകളിലെ 2,51, 507 രേഖകൾ ആണ് ഡിജിറ്റലൈസ് ചെയ്തിട്ടുള്ളത്. എട്ടു ജില്ലകളിലെ ഡിജിറ്റലൈസേഷൻ പ്രവർത്തികൾ പുരോഗമിച്ചു വരികയാണ്.

 

പ്രധാന മന്ത്രി അവാസ് യോജനയുടെ ഭാഗമായി 857 വീടുകൾ ആണ് ജില്ലയിൽ നിർമ്മിക്കുന്നത്. ഇതിൽ 829 പേർക്ക് മൂന്നാം ഘട്ട തുക കൈമാറി കഴിഞ്ഞു. നാഷണൽ റർബൻ മിഷന്റെ ഭാഗമായി 147 പ്രവർത്തികൾ ജില്ലയിൽ പൂർത്തിയായി. പുത്തൻവേലിക്കര – കുന്നുകര ക്ലസ്റ്ററിൽ ആണ് പ്രവർത്തികൾ നടപ്പാക്കുന്നത്.

കുട്ടികളിലെ ജനന വൈകല്യങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി ആറു വയസ് വരെയുള്ള 4116 കുട്ടികളെയും 6-18 വയസു വരെയുള്ള 204 കുട്ടികളെയും ജില്ലയിൽ പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ട്.

 

പ്രധാന മന്ത്രി ഗ്രാമീണ സടക് യോജന പദ്ധതിയുടെ ഭാഗമായി ഗ്രാമീണ റോഡുകളുടെ നവീകരണം പുരോഗമിച്ചു വരികയാണ്. ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ട 51 റോഡുകളുടെയും രണ്ടാം ഘട്ടത്തിൽ ഒൻപതു റോഡുകളുടെയും മൂന്നാം ഘട്ടത്തിൽ 24 റോഡുകളുടെയും നവീകരണമാണ് നടക്കുന്നത്.

 

രാത്രി കാലങ്ങളിൽ തെരുവോരങ്ങളിൽ കഴിയുന്നവർക്കായുള്ള താമസ സൗകര്യങ്ങൾ വിവിധ സ്ഥലങ്ങളിൽ നിർമാണം പുരോഗമിക്കുകയാണ്. കൊച്ചി കോർപറേഷനിൽ പള്ളുരുത്തി, ഫോർട്ട്‌ കൊച്ചി, ഗാന്ധി നഗർ, തേവര എന്നീ സ്ഥലങ്ങളിൽ ആണ് ഷെൽട്ടർ ഹോമുകൾ ഒരുങ്ങുന്നത്. ഇതിനു പുറമെ നഗരസഭകളിലും ഷെൽട്ടർ ഹോമുകളുടെ നിർമാണം പുരോഗമിക്കുകയാണ്.

 

യോഗത്തിൽ ടി. ജെ വിനോദ് എം. എൽ. എ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ്‌ കോർഡിനേറ്റർ ട്രീസ ജോസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!