നിര്‍ദ്ധനര്‍ക്കായി മൂവാറ്റുപുഴയില്‍ ചെയര്‍മാന്‍ ഊണ് റെഡി

മൂവാറ്റുപുഴ: വിശപ്പ് രഹിത നഗരം പദ്ധതിയുടെ ഭാഗമായി നിര്‍ദ്ധനര്‍ക്കായി മൂവാറ്റുപുഴയില്‍ ചെയര്‍മാന്‍ ഊണ് റെഡി. തെരുവില്‍ അലയുന്നവര്‍ക്കും കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും നഗരത്തില്‍ എത്തി സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഭക്ഷണം കഴിക്കാന്‍ പണമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്കുമായാണ് ചെയര്‍മാന്‍ ഊണ് നടപ്പാക്കുന്നത്. നഗരസഭാ ചെയര്‍മാന്‍ പി പി എല്‍ദോസിന്റെ സ്വകാര്യ ഫണ്ടാണ് ഇതിനായി ഉപയോഗിക്കുന്നത്. ചെയര്‍മാന് ലഭിക്കുന്ന അലവന്‍സും ഹോണറേറിയവും ഇതിനായി നീക്കി വയ്ക്കും. സന്നദ്ധരായ സുമനസ്സുകളുടെ സഹായവും സ്വീകരിക്കും. എല്ലാ ദിവസവും രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഇതിനാവ ശ്യമായ കൂപ്പണ്‍ നഗരസഭാ ഓഫീസില്‍ നിന്ന് സൗജന്യമായി നല്‍കും. ഈ കൂപ്പണ്‍ ഉപയോഗിച്ച് നഗരസഭാ കാന്റീനില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യം ഒരുക്കുമെന്ന് ചെയര്‍മാന്‍ പി പി എല്‍ദോസ് പറഞ്ഞു. ജീവകാരുണ്യ-സാമൂഹിക പ്രവര്‍ത്തനങ്ങളുടെ തുടക്കം എന്ന നിലയിലാണ് ഉച്ചഭക്ഷണ പരിപാടിക്ക് രൂപം നല്‍കിയിരിക്കുന്നതെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. വിശപ്പ് രഹിത പദ്ധതിയുടെ ഭാഗമായി നഗരസഭാ ഓഫീസിന് സമീപം പ്രവര്‍ത്തിച്ചുവരുന്ന ഭക്ഷണ ശാലയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. റിപ്പബ്ലിക് ദിനമായ ജനുവരി 26 മുതല്‍ പദ്ധതിക്ക് തുടക്കമാകും.

Back to top button
error: Content is protected !!