എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

എറണാകുളം: വിപണിയില്‍ ഇരുപത് ലക്ഷം രൂപ വില വരുന്ന എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസിന്റെ പിടിയില്‍ . സംഭവവുമായി ബന്ധപെട്ട് കൂനമ്മാവ് പള്ളി പറമ്പില്‍ നജീബ് (29) നിലമ്പൂര്‍ വിളവിനമണ്ണില്‍ നിഥിന്‍ (28) എന്നിവരെ ജില്ലാ പോലീസ്
മേധാവി വിവേക് കുമാറിന്റെ നേത്യത്വത്തിലുള്ള പ്രത്യേക അന്വഷണ സംഘം അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് ഇരുന്നൂറ് ഗ്രാം എം.ഡി.എം.എ
പിടികൂടി. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. ആലങ്ങാട്‌കോട്ടപ്പുറം റോഡില്‍ ആയുര്‍വേദ മരുന്ന് കടയുടെ സമീപത്ത് വച്ചാണ്
സംഘത്തെ പിടികൂടിയത്. രാസ ലഹരി ബാംഗ്ലൂരില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്നു. ഇടയ്ക്ക് വച്ച് പോലീസ് കൈകാണിച്ചെങ്കിലും
നിര്‍ത്താതെ കടന്ന് കളഞ്ഞു. തുടര്‍ന്ന് കിലോമീറ്ററുകളോളം പിന്‍ തുടര്‍ന്ന് സാഹസികമായാണ് സംഘത്തെ പിടികൂടിയത്. വിദ്യാര്‍ത്ഥികളും , ഐ ടി മേഖലയിലുള്ളവരും, ചില സെലിബ്രറ്റികളുമാണ് ഇവരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങുന്നത്. വര്‍ഷങ്ങളായി മയക്കുമരുന്ന് വ്യാപാരം
നടത്തുന്ന ഇവര്‍ കേരളത്തിലെ വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണികളാണ്. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പി.പി ഷംസ്, ആലങ്ങാട്
എസ്.ഐമാരായ കെ.എ മുഹമ്മദ് ബഷീര്‍, കെ.ആര്‍ അനില്‍, എ.എസ് ഐ അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എസ്.എ ബിജു, ഡാന്‍സാഫ് ടീം എന്നിവരും പ്രതികളെ പിടികൂടാന്‍ ഉണ്ടായിരുന്നു. ആലുവ ഡി.വൈ.എസ്.പി പി.കെ ശിവന്‍ കുട്ടി, ആലങ്ങാട് എസ്.എച്ച്. ഒ ബേസില്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീം കേസ് അന്വേഷിക്കുന്നത്.

 

 

Back to top button
error: Content is protected !!