ഒരുലക്ഷത്തിലധികം രോഗികള്‍ക്ക് സാന്ത്വനസ്പര്‍ശമേകി എംസിഎസ് ആശുപത്രി എട്ടാം വര്‍ഷത്തിലേക്ക്

മൂവാറ്റുപുഴ: ഒരുലക്ഷത്തിലധികം രോഗികള്‍ക്ക് സാന്ത്വനസ്പര്‍ശമേകി എംസിഎസ് ആശുപത്രി എട്ടാം വര്‍ഷത്തിലേക്ക്. മൂവാറ്റുപുഴയിലെയും സമീപ പ്രദേശങ്ങളിലെയും സേവന സന്നദ്ധതയുള്ള 1,500ല്‍ പരം സഹകാരികളുടെ സഹകരണത്തോടെയാണ് മൂവാറ്റുപുഴ കോഓപ്പറേറ്റീവ് ആശുപത്രി പ്രവര്‍ത്തിച്ചുവരുന്നത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരുലക്ഷത്തിന് മുകളിലുള്ള രോഗികള്‍ക്ക് കരുത്തേകാന്‍ സാധിച്ചത് ആശുപത്രിയുടെ മികച്ച പ്രവര്‍ത്തനത്തെ സൂചിപ്പിക്കുന്നു. 2017 ജൂണ്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനമാരംഭിച്ച ആശുപത്രിയില്‍ നിലവില്‍ 15ല്‍ പരം വിഭാഗങ്ങളിലായി പ്രഗല്‍ഭരായ ഡോക്ടര്‍മാരുടെയും, ജീവനക്കാരുടെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ ലാമിനാര്‍ ഫ്ളോ ഉള്‍പ്പെടെ അത്യാധുനിക സംവിധാനാങ്ങളോടുകൂടിയ മൂന്ന് ഓപ്പറേഷന്‍ തിയേറ്ററുകള്‍, ലേബര്‍ സ്യൂട്ട്, കമ്പ്യൂട്ടറൈസ്ഡ് എക്സ്റെ, ലബോറട്ടറി, 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായിട്ടുള്ള അത്യാഹിത വിഭാഗം, സിടി സ്‌കാന്‍ വിഭാഗം എന്നിവ ഒരുക്കിയിട്ടുണ്ട്.

കൂടാതെ അതി സങ്കീര്‍ണ്ണമായ റിവേഴ്സ് ഷോല്‍ഡര്‍ ഉള്‍പ്പെടെയുള്ള എല്ലാവിധ സന്ധിമാറ്റിവെക്കല്‍ മുട്ട്, ഇടുപ്പ്, കീഴ്ത്താടിയെല്ലിന്റെ ക്രമക്കേട് നിമിത്തമുള്ള മുഖവൈരൂപ്യം മാറ്റുന്ന സര്‍ജറികള്‍, രക്ത നഷ്ടം തീരെയില്ലാതെ കുട്ടികളുടെയും, മുതിര്‍ന്നവരുടെയും മൂക്കിനകത്തുനിന്നും ദശ മാറ്റുവാനുള്ള കോബ്ലേഷന്‍ സര്‍ജറികള്‍, മറ്റ് ഇഎന്‍ടി ഓങ്കോളജി സര്‍ജറികള്‍, പ്ലാസ്റ്റിക് സര്‍ജറികള്‍ ഉള്‍പ്പെടെ നാളിതുവരെ രണ്ടായിരത്തോളം സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതായി ആശുപത്രി ഭാരവാഹികള്‍ അറിയിച്ചു. കൂടാതെ എല്ലാവിധ സജ്ജീകരണങ്ങളോടുകൂടിയ കാത്ത്ലാബ് അടങ്ങുന്ന കാര്‍ഡിയോളജി വിഭാഗവും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 2019 ലെയും, 2023ലെയും എറണാകുളം ജില്ലയിലെ മികച്ച സഹകരണ ആശുപത്രിക്കുള്ള പുരസ്‌കാരം എംസിഎസ് ആശുപത്രി കരസ്ഥമാക്കിയിട്ടുണ്ട്. രോഗികള്‍ക്ക് മികച്ച സേവനം കാഴ്ചവെക്കുന്ന എംസിഎസ് ആശുപത്രിയില്‍ ഒരുലക്ഷത്തി ഒന്നാമതായി രജിസ്റ്റര്‍ ചെയ്ത കോതമംഗലം സ്വദേശിക്ക് ആശുപത്രി ചെയര്‍മാന്‍ അഡ്വ. പി.എം ഇസ്മായില്‍ രജിസ്ട്രേഷന്‍ കാര്‍ഡ് കൈമാറി. സെക്രട്ടറി എം.എ സഹീര്‍, ജനറല്‍ മാനേജര്‍ ശ്രീവാസ് എന്‍ ശര്‍മ്മ, വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!